കല്ലോടി: “നമ്മുടെ ഭൂമി… നമ്മുടെ ഉത്തരവാദിത്തം…” എന്ന സന്ദേശമുയർത്തി കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ വിവിധ പരിപാടികൾ അരങ്ങേറിയത്.
പ്രധാനധ്യാപകൻ ശ്രീ. ജോസ് പള്ളത്ത് പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും തൈ വിതരണവും നിർവ്വഹിച്ചു. ചടങ്ങിൽ അധ്യാപകനായ ശ്രീ. എൻ.ജെ.ജോഷി ,വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ ജോയൽ ജോബി എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി സംസാരിച്ചു. പ്രകൃതിയെ സംരക്ഷിക്കുമെന്ന ദൃഢനിശ്ചയത്തോടെ വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി ദിന പ്രതിജ്ഞയും എടുത്തു.
ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ ‘തൈ നടീൽ’ പരിപാടിയും, വിദ്യാലയ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്കൂൾ മുറ്റത്ത് ആമ്പൽക്കുളം, താമരക്കുളം എന്നിവയുടെ ‘മാനസപൊയ്ക’ നിർമ്മാണവും നടന്നു. പരിസ്ഥിതിക്കൊരു കയ്യൊപ്പ് ചാർത്തിക്കൊണ്ട് ‘ഹരിത കേരള നിർമ്മാണം’ പരിപാടിയും സ്കൂളിൽ സംഘടിപ്പിച്ചു.
കൂടാതെ കുട്ടികളിലെ പരിസ്ഥിതി ബോധം വളർത്തുന്നതിനായി പരിസ്ഥിതിദിന ക്വിസ് മത്സരവും, സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ്തല മാഗസിൻ നിർമ്മാണ മത്സരവും ഇതോടൊപ്പം നടന്നു.ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് നടന്ന പരിപാടിയിൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി.

