പുൽപള്ളി: പുൽപള്ളി പഞ്ചായത്തിലെ ഭൂദാനത്തും പരിസരങ്ങളിലും ഡെങ്കിപ്പനി വ്യാപകമാകുന്നു. ഫെബ്രുവരിയിലാരംഭിച്ച ഡെങ്കിപ്പനി ദിവസേന പടരുന്നുമുണ്ട്. ശക്തമായ ശരീരവേദനയും പനിയുമാണു പ്രധാന ലക്ഷണം. ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണു രോഗം പടർത്തുന്നത്. ഭൂദാനത്ത് 20ലധികം പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് പനി ബാധിച്ച വീടുകളുമുണ്ട്. അയൽ വീടുകളിലേക്കും ഇതു പടരുമെന്ന ആശങ്കയുമുണ്ട്. ആരോഗ്യപ്രവർത്തകർ ബോധവൽക്കരണവും മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൊതുക് വ്യാപനം തടയുന്നതാണ് ഏറ്റവും വലിയ മുൻകരുതലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. മഴ പെയ്തതോടെ വീടുകളുടെ സമീപത്തും തോട്ടങ്ങളിലും കൊതുക് വ്യാപനം വർധിക്കുന്നു. കൃഷിപ്പണിക്കും പശുക്കൾക്ക് പുല്ലരിയാനും മറ്റും പുറത്തിറങ്ങുന്നവർ കൊതുകു കടിയേൽക്കാതെ ശ്രദ്ധിക്കണം. വീട്ടുപരിസരത്ത് വെള്ളം കെട്ടിനിൽക്കുന്ന പാളകൾ, ചിരട്ടകൾ, പ്ലാസ്‌റ്റിക് കൂടുകൾ, തുടങ്ങിയവയെല്ലാം നീക്കം ചെയ്ത‌് വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. റബർ തോട്ടങ്ങളിലെ ചിരട്ടകളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതും കൊതുകു വ്യാപനത്തിന് കാരണമാണ്. രോഗം പിടിപെട്ടാൽ ശക്തമായ പനിയും ശരീരവേദനയും അസ്വസ്‌ഥതകളുമുണ്ടാകും. രോഗം നേരത്തെ കണ്ടറിഞ്ഞു വിദഗ്ധ ചികിത്സ ഉറപ്പാക്കണം.
L