പെരുമ്പാവൂര്‍ ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കോടതി വിധി കേള്‍ക്കാൻ ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. കൊലപാതകം, ബലാൽസംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാർഥിനിയായ ജിഷ കൊല്ലപ്പെട്ടത്.

 

*ജിഷ കേസ് നാൾ വഴി*

 

♦️2016 ഏപ്രിൽ 28: രാത്രി എട്ടു മണിയോടെ പെരുമ്പാവൂർ കുറുപ്പംപടിയിലെ കനാൽ പുറമ്പോക്കിലുളള ഒറ്റമുറി ഷെഡിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

 

♦️2016 ഏപ്രിൽ 30: പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

 

♦️2016 മെയ് 4: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും ശരീരത്തിൽ 38 മുറിവുകൾ ഉണ്ടായിരുന്നു എന്നും കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് പെരുമ്പാവൂർ ഡിവൈഎസ്പി: അനിൽകുമാറിനെ ഒഴിവാക്കി ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി: എ.ബി. ജിജിമോനു ചുമതല നൽകി.

 

♦️2016 മെയ് 8: നിർമാണ തൊഴിലാളികൾ ധരിക്കുന്ന തരം ചെരുപ്പ് ജിഷയുടെ വീടിന്റെ പരിസരത്തുനിന്നു പൊലീസ് കണ്ടെത്തി.

 

♦️2016 മെയ് 10: ജിഷയെ കൊലപ്പെടുത്തിയത് മുൻനിരയിലെ പല്ലിന് വിടവുളളയാളാണെന്ന ഫൊറൻസിക് നിഗമനം പുറത്ത്.

 

♦️2016 മെയ് 14: കൊലയാളിയുടെ ഡിഎൻഎ വിവരങ്ങൾ പൊലീസിനു കിട്ടി. എന്നാൽ നിലവിൽ സംശയമുണ്ടായിരുന്ന ആരുമായും ഈ ഡിഎൻഎ ചേർന്നില്ല.

 

♦️2016 മെയ് 16: പ്രതി നിർമാണ തൊഴിലാളി തന്നെയെന്ന് ഉറപ്പിക്കുന്നു. ഘാതകരെ തേടി പൊലീസ് സംഘം ബംഗാളിലെ മൂർഷിദാബാദിലേക്ക്.

 

♦️2016 മെയ് 19: കേസുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു.

 

♦️2016 മെയ് 28: നിലവിലുണ്ടായിരുന്ന അന്വേഷണ സംഘത്തെ മാറ്റാൻ പിണറായി മന്ത്രിസഭയുടെ തീരുമാനം. എഡിജിപി: ബി സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം നിലവിൽ വന്നു.

 

♦️2016 മെയ് 31: ജിഷയുടെ കൈവിരലിൽനിന്ന് ലഭിച്ച ഡിഎൻഎയ്ക്കും വസ്ത്രത്തിൽനിന്ന് ലഭിച്ച ഉമിനീരിലെ ഡിഎൻഎയ്ക്കും തമ്മിൽ സാമ്യമുണ്ടെന്നു കണ്ടെത്തൽ.

 

♦️2016 ജൂൺ 2: പ്രതിയെന്നു കരുതുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

 

♦️2016 ജൂൺ 13: മരണവുമായി ബന്ധപ്പെട്ട് ജിഷയുടെ വീടിന് പരിസരത്തുളള ഇതര സംസ്ഥാന തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്യുന്നു. 25 പേരെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കുറിച്ചുളള കൃത്യമായ സൂചനയും ലഭിച്ചു.

 

♦️2016 ജൂൺ 14: പ്രതിയായ അമീറുൽ ഇസ്‌ലാമിനെ തമിഴ്നാട്ടിൽനിന്ന് അറസ്റ്റുചെയ്യുന്നു, ഊരും പേരുമാറ്റി കാർ വർക്ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു

 

♦️2016 ജൂൺ 16: പ്രതി അറസ്റ്റിലായ വിവരം പൊലീസ് പുറത്തുവിട്ടു. മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിക്കുന്നു.

 

♦️2016 സെപ്റ്റംബർ 16: കുറ്റപത്രം സമർപ്പിച്ചു.

 

♦️2017 മാർച്ച് 13: ജിഷ വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി.

 

♦️2017 ഡിസംബര്‍ 14: എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചു.

 

♦️2024 മെയ് 20 : വധശിക്ഷയിയ്ക്കെതിരെ പ്രതി നൽകിയ അപ്പീലിൽ ഹൈക്കോടതി ഉത്തരവ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *