തിരുവനന്തപുരം: ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും. റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം. മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല.
🚘 – മഴക്കാല ഡ്രൈവിംഗ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
1. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.
2. ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക.
3. മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.
4. മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.
5. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.
6. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.
7. വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക. 8. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.
9. പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക.
10. മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.
11. വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.