ലണ്ടൻ: ബ്രിട്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. കൊച്ചി പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയ(10)യ്ക്കാണ് വെടിയേറ്റത്. ലണ്ടനിലെ ഹാക്ക്നിയിൽ ബുധനാഴ്ച രാത്രി 9.20 നാണ് സംഭവം. ഡാൾട്ടൺ കിങ്സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരുറസ്റ്റൻറിന് സമീപം ബൈക്കിൽ എത്തിയയാൾ പ്രകോപനം കൂടാതെ വെടിയുതിർക്കുകയായിരുന്നു. ലിസ്സെൽ മരിയയെ കൂടാതെ മറ്റ് മൂന്നുപേർക്കും വെടിയേറ്റു.
വെടിയേറ്റ നാല് പേരെയും കിഴക്കൻ ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മറ്റ് ഇരകളുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംഭവ സ്ഥലത്ത് ഉടനടി പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായിട്ടില്ല. തോക്ക് വിദഗ്ധർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ലണ്ടൻ ആംബുലൻസ് സർവീസുകാരും സംഭവസ്ഥലത്ത് പരിശോധന നടത്തിയെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.