ഡാളസ്: 2024 ടി 20 ലോകകപ്പില്‍ ആദ്യ അട്ടിമറി. ഗ്രൂപ്പ് എയിലെ മത്സരത്തിനിറങ്ങിയ പാകിസ്താനെ സൂപ്പർ ഓവറിലൂടെ യുഎസ്‌എ പരാജയപ്പെടുത്തി. അഞ്ച് റണ്‍സിനാണ് യുഎസ്‌എയുടെ വിജയം. നിശ്ചിത ഇരുപത് ഓവറില്‍ ഇരുടീമുകളും 159 റണ്‍സ് വീതമെടുത്ത് തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.
സൂപ്പർ ഓവറില്‍ ആമിറാണ് പാകിസ്താന് വേണ്ടി പന്തെറിയാനെത്തിയത്. ആദ്യ പന്ത് തന്നെ ആരോണ്‍ ജോണ്‍സ് അതിർത്തി കടത്തി. അടുത്ത പന്തില്‍ രണ്ട് റണ്‍സെടുത്തു. തൊട്ടടുത്ത പന്തില്‍ സിംഗിള്‍ കൂടി നേടിയതോടെ ആമിറിന്റെ താളം തെറ്റി. ഏഴ് വൈഡുകളാണ് സൂപ്പർ ഓവറില്‍ പിറന്നത്. അവസാന പന്തില്‍ ആരോണ്‍ ജോണ്‍സ് പുറത്താകുകയും ചെയ്തു. 6 പന്തില്‍ 11 റണ്‍സാണ് ആരോണ്‍ സൂപ്പർ ഓവറില്‍ നേടിയത്.
19 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് മൂന്നാമത്തെ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഫോറടിച്ച് ക്രീസില്‍ നിന്ന ഇഫ്തിക്കറിനെ നേത്രാവല്‍ക്കർ നിതിഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഷദാബ് ആണ് പകരക്കാരനായി എത്തിയത്. നാലാമത്തെ പന്തില്‍ നാല് ലെഗ് ബൈ കൂടി ലഭിച്ചതോടെ പാകിസ്താന്റെ പ്രതീക്ഷയ്‌ക്ക് വീണ്ടും ജീവൻ വെച്ചു. എന്നാല്‍ അടുത്ത പന്തുകളില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല.അവസാന പന്തില്‍ ഏഴ് റണ്‍സായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ഒറ്റ റണ്‍സ് മാത്രമാണ് നേടിയത്. 13 റണ്‍സിന് പാകിസ്താന്റെ സൂപ്പർ ഓവർ പോരാട്ടം അവസാനിച്ചു. ഇതോടെ യുഎസ്‌എ 5 റണ്‍സിന് വിജയിച്ചു.
ആദ്യം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്താന്റെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ക്യാപ്റ്റൻ ബാബർ അസം മാത്രമാണ് പിടിച്ചുനിന്നത്. 43 പന്തില്‍ നിന്ന് ബാബർ അസം 44 റണ്‍സെടുത്തു. പിന്നീട് ഷദാബ് ഖാൻ കൂടി ഫോമിലേക്ക് ഉയർന്നതോടെയാണ് പാകിസ്താന്റെ സ്‌കോർ ബോർഡ് ചലിച്ചു തുടങ്ങിയത്.
ഷദാബ് 25 പന്തില്‍ 40 റണ്‍സെടുത്തു. വാലറ്റത്തിലിറങ്ങിയ ഇഫ്തിക്കർ അഹമ്മദ് (14 പന്തില്‍ 18 ), ഷഹീൻ ഷാ അഫ്രീദി (16 പന്തില്‍ 23 റണ്‍സ് ) എന്നിവർ കൂടി അവസരത്തിനൊത്ത് ഉയർന്നതോടെയാണ് പാകിസ്താൻ വലിയ നാണക്കേടില്‍ നിന്ന് രക്ഷപെട്ടത്. യുഎസ്‌എയ്‌ക്ക് വേണ്ടി നൊസ്തുഷ് കെൻജിഗെ 3 വിക്കറ്റുകള്‍ വീഴ്‌ത്തി. സൗരഭ് നേത്രാവല്‍ക്കർ രണ്ട് വിക്കറ്റുകളും അലി ഖാൻ ജസ്ദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റുകളും നേടി.മറുപടി ബാറ്റിംഗിനിറങ്ങിയ യുഎസ്‌എ വിജയം കൈയ്യെത്തും ദൂരത്താണെന്ന് തിരിച്ചറിവില്‍ ക്രീസില്‍ ഉറച്ച് നില്‍ക്കാനാണ് ശ്രമിച്ചത്. മികച്ച തുടക്കമാണ് മുൻനിര താരങ്ങള്‍ നല്‍കിയത്. ഓപ്പണർ സ്റ്റീവൻ ടെയ്‌ലർ 12 റണ്‍സെടുത്ത് പുറത്തായെങ്കിലും ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റൻ മൊനാങ്ക് പട്ടേലും ആൻഡ്രീസ് ഗൗസും ഫോമിലേക്ക് ഉയർന്നതോടെ പാകിസ്താന്റെ വിജയ പ്രതീക്ഷകള്‍ തെറ്റിത്തുടങ്ങി. 38 പന്തില്‍ നിന്ന് മൊനാങ്ക് പട്ടേല്‍ 50 റണ്‍സെടുത്തു.
ആൻഡ്രീസ് ഗൗസ് 26 പന്തില്‍ നിന്ന് 35 റണ്‍സെടുത്തു. പിന്നാലെ ഇറങ്ങിയ ആരോണ്‍ ജോണ്‍സും (26 പന്തില്‍ 36 ), നിതീഷ് കുമാറും (14 പന്തില്‍ 14) ടീമിനെ വിജയിപ്പിക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളില്‍ സമ്മർദ്ദത്തെ അതിജീവിച്ച് വിജയറണ്‍ കണ്ടെത്താൻ ഇരുവർക്കുമായില്ല.
അവസാന രണ്ട് ഓവറുകളില്‍ 21 റണ്‍സ് ആയിരുന്നു വേണ്ടത്. എന്നാല്‍ അനുഭവ സമ്പത്തിന്റെ ബലത്തില്‍ പാക് ബൗളർമാർ ഇതിന് തടയിടുകയായിരുന്നു._ _19 ആം ഓവറില്‍ ഒരു സിക്‌സും ഫോറും ഉള്‍പ്പെടെ 14 റണ്‍സാണ് യുഎസ്‌എ നേടിയത്. പാകിസ്താൻ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് 159 റണ്‍സ് നേടിയത്. എന്നാല്‍ യുഎസ്‌എ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് നഷ്ടപ്പെടുത്തിയത്.