കൽപ്പറ്റ : ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതോടെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വയനാട്ടിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ഇടിത്തീയായി കോടതി നിർദേശം. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദ സഞ്ചാരികളുടെ എണ്ണം കുറയ്ക്കണമെന്ന കോടതി നിർദേശം നടപ്പിലായാൽ ഊട്ടി നേരിട്ടതുപോലുള്ള കനത്ത നഷ്ടമായിരിക്കും വയനാടിനെയും കാത്തിരിക്കുന്നതെന്നാണ് വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്.നാലു മാസമായി വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുകയാണ്. കടുത്ത വേനലാകുമ്പോൾ അടയ്ക്കുകയും മഴ പെയ്താൽ തുറക്കുകയുമാണ് പതിവ്. എന്നാൽ ഇക്കൊല്ലം ജൂൺ ആയിട്ടും കേന്ദ്രങ്ങൾ തുറന്നില്ല. ഉടൻ തുറക്കുമെന്ന പ്രതീക്ഷയിൽ ദിവസവും തള്ളിനീക്കുന്നതിനിടെയാണ് കോടതി നിർദേശം ഇരുട്ടടിയായത്.
നാലു മാസം മുൻപ് പുൽപ്പള്ളി പാക്കത്ത് വെള്ളച്ചാൽ സ്വദേശി പോളിനെ കാട്ടാന ചവിട്ടിക്കൊന്നതിനു പിന്നാലെയാണ് വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഒറ്റയടിക്ക് അടച്ചുപൂട്ടിയത്. കുറുവാ ദ്വീപിലെ ജീവനക്കാരനായിരുന്നു പോൾ. വേനൽ കടുക്കുമ്പോൾ ഏപ്രിലിൽ ഒരു മാസത്തോളം വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടാറുണ്ട്. കാട്ടുതീ ഭീഷണി മൂലമാണ് പ്രധാനമായും പൂട്ടുന്നത്. വേനൽമഴ പെയ്ത് പുല്ലു മുളയ്ക്കാൻ തുടങ്ങുന്നതോടെ മേയിൽ കേന്ദ്രങ്ങൾ വീണ്ടും തുറക്കും.
സ്കൂൾ അവധിയായതിനാൽ മേയിലായിരിക്കും വിനോദ, സഞ്ചാരമേഖലയ്ക്ക് ഏറ്റവും നേട്ടം ഉണ്ടാക്കാൻ സാധിക്കുക.ഒരുമാസം കൊണ്ടു തുറക്കുന്ന കേന്ദ്രങ്ങൾ ഇത്തവണ നാലു മാസമായിട്ടും തുറന്നില്ല. ഇന്നോ നാളെയോ തുറക്കുമെന്ന പ്രതീക്ഷയിൽ ഹോട്ടലുകാർ മുതൽ ടാക്സി ജീവനക്കാർ വരെ മുന്നോട്ടുപോകുന്നതിനിടെയാണ് ഊട്ടിയുടെ അവസ്ഥയിലേക്ക് വയനാടും ചെന്നെത്തുമോ എന്ന ആശങ്ക ഉടലെടുത്തത്. ഫെബ്രുവരി 19 നാണ് കുറുവദ്വീപ്, തോൽപെട്ടി വന്യജീവി സങ്കേതം, ബ്രഹ്മഗിരി ട്രെക്കിങ് കേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം, മുനീശ്വരൻകുന്ന്, ചെമ്പ്ര പീക്ക്, മുത്തങ്ങ വന്യജീവി സങ്കേതം എന്നിവയെല്ലാം അടച്ചത്. ഇതോടെ, സർക്കാരിനു നികുതി ഇനത്തിലും മറ്റും ലഭിക്കേണ്ട വരുമാനത്തിലും കാര്യമായ കുറവുണ്ടായി.
ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം കുറയ്ക്കണമെന്ന നിർദേശം ഹൈക്കോടതി ജസ്റ്റിസുമാരായ പി.ഗോപിനാഥ്, എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരാണ് മുന്നോട്ടുവച്ചത്. ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ കുറവ് വരുത്താനായി സർക്കാർ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ കോടതിയെ അറിയിച്ചശേഷം കേന്ദ്രങ്ങൾ തുറക്കുന്നതു സംബന്ധിച്ച് ഉത്തരവിറക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഇതിനായി പ്രവേശന ടിക്കറ്റ് നിരക്ക് ഉയർത്തുന്നതുൾപ്പെടെ പരിഗണിക്കണം.
കേന്ദ്രങ്ങളിൽ വനസംരക്ഷണ സമിതികൾ നടത്തുന്ന ഹോട്ടലുകളിലും കടകളിലും സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കണം. ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ നിയമിക്കപ്പെടുന്ന ജീവനക്കാർ പരിസ്ഥിതി സംരക്ഷണത്തിനു യോഗ്യരായിരിക്കണമെന്നും കോടതി നിർദേശത്തിൽ പറയുന്നു. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കുന്നതു ടൂറിസം രംഗത്തിനു തിരിച്ചടിയാകുന്നുവെന്ന് അഡിഷനൽ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു പരിഗണിക്കവെയാണ് കോടതിയുടെ പുതിയ നിർദേശം.
ഊട്ടിയിൽ ഇ പാസ് ഏർപ്പെടുത്തിയതുപോലെ വയനാട്ടിലും സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ പാസ് ഏർപ്പെടുത്തണമെന്ന് പരിസ്ഥിതി സംഘടനകൾ ഉൾപ്പെടെ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം എത്തിയത്. വിനോദ സഞ്ചാരികളുടെ തിരക്ക് മൂലം ചുരത്തിലുൾപ്പെടെ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുന്നതു മുൻനിർത്തിയാണ് പരിസ്ഥിതി സംഘടനകൾ പാസ് ആവശ്യവുമായി രംഗത്തെത്തിയത്.
വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധി സഞ്ചാരികൾ എത്തുകയും വിനോദ സഞ്ചാരമേഖല വയനാടിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാകുകയും ചെയ്യുന്നതിനിടെയാണ് നിയന്ത്രണങ്ങൾ വർധിക്കുന്നത്. കൃഷി ഉൾപ്പെടെ ഉപേക്ഷിച്ച് വിനോദ സഞ്ചാര മേഖലയിലേക്കു തിരിഞ്ഞത് ആയിരങ്ങളാണ്. പെട്ടിക്കടക്കാരും ടാക്സി ഡ്രൈവർമാരും മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ജീവനക്കാർ വരെ വയനാട്ടിലെ വിനോദ സഞ്ചാരമേഖലയിൽ പ്രതീക്ഷയർപ്പിച്ചവരാണ്.എന്നാൽ നിയന്ത്രണങ്ങൾ വയനാട്ടിലെ വിനോദ സഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവരെ ആശങ്കയിലേക്ക് തള്ളിവിടുന്നു. ഊട്ടിയിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന പുഷ്പമേള നടക്കുന്ന സമയത്താണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. ഊട്ടിയിലുണ്ടായത് ഭീമമായ നഷ്ടമാണ്. സമാനമായ സാഹചര്യത്തിലേക്കാണോ വയനാടും നീങ്ങുന്നതെന്ന ആശങ്കയിലാണ് നാട്ടുകാർ.