തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുക്കുന്നത്. ഇവിടങ്ങളില്‍ ഇന്നലെ റെഡ് അലേർട്ട് ആയിരുന്നു. അതിശക്തമായ കാറ്റും മഴയുമാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കടലോര മേഖലയിൽ അതിശക്തമായ തിരമാലയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുമുണ്ട്.
കാസർകോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ 25-06-2024 രാത്രി 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തും, തമിഴ്‌നാട് തീരത്തും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.