കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില; തക്കാളിക്ക് നൂറ് കടന്നു

കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ച് സംസ്ഥാനത്ത് പക്കച്ചറി വില കുതിച്ചുയരുന്നു. വില ഉടനെ താഴാന്‍ സാധ്യതയില്ലെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. പ്രതികൂല കാലാവസ്ഥയില്‍ വിള നശിച്ചതും വിതരണ ശൃംഖല നേരിടുന്ന തടസങ്ങളുമാണ് വിലക്കയറ്റത്തിനു വഴിവച്ചതെന്ന് വ്യാപാരികൾ പറയുന്നു. മഹാരാഷ്ട്രയില്‍ പ്രതീക്ഷിച്ചതിലും മുൻപേയെത്തിയ മണ്‍സൂണ്‍ കാര്‍ഷിക വിളകൾക്ക് ‍നാശം വിതച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 40 ഡിഗ്രിയും കടന്നുള്ള ഉഷ്ണതരംഗവും വരൾച്ചയും കൃഷിയെ ബാധിച്ചു. മഴക്കെടുതിയാണ് തമിഴ്നാടിനു തിരിച്ചടിയായതെങ്കില്‍ കീടങ്ങളുടെ ആക്രമണമാണ് കര്‍ണാടകയെ വലച്ചത്.തമിഴ്നാട്ടിലെ മധുരയില്‍ ഏപ്രിലില്‍ – 15 കിലോ തക്കാളിക്ക് (ഒരു പെട്ടി) 100-150 രൂപയായിരുന്നെങ്കില്‍ ഇപ്പോൾ വില 900-1,000 രൂപയാണ്. ഇതോടെ, കേരളത്തിലും വില കുതിച്ചു. കഴിഞ്ഞമാസങ്ങളില്‍ കിലോയ്ക്ക് 30-35 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ കേരളത്തില്‍ വില 80-100 രൂപയാണ്.

 

കേരളത്തില്‍ ഒട്ടുമിക്ക പച്ചക്കറികള്‍ക്കും വില ശരാശരി 50 രൂപയ്ക്ക് മുകളിലെത്തിക്കഴിഞ്ഞു. പടവലം, പാവക്ക, വഴുതന, കിഴങ്ങ്, ബീന്‍സ്, കാപ്സിക്കം, വെള്ളരി, സവാള, ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, അച്ചിങ്ങ, ബീറ്റ്‍റൂട്ട്, വെണ്ടക്ക തുടങ്ങിയവ കിലോയ്ക്ക് 60 മുതല്‍ 240 രൂപവരെ നിലവാരത്തിലാണ് ചില്ലറ വ്യാപാരം നടത്തുന്നത്. കഴിഞ്ഞമാസം 25 രൂപയായിരുന്ന സവാള വിലയാണ് ഇപ്പോൾ 50 കടന്നത്. 160-170 രൂപയില്‍ നിന്ന് ഇഞ്ചി വില 240 രൂപയിലെത്തി. 20 രൂപയായിരുന്ന വെണ്ടയ്ക്കയുടെ വില 60 രൂപയായി. 80 രൂപയായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോൾ 220 രൂപ. മുരിങ്ങ, മല്ലിയില എന്നിവയ്ക്കും വില 200ന് മുകളിലാണ്.പച്ചക്കറികള്‍ക്ക് മാത്രമല്ല അരി, ഉഴുന്ന്, പയര്‍, കടല ഉൾപ്പെടെ ധാന്യങ്ങള്‍ക്കും വില 90-180 രൂപ നിലവാരത്തിലാണുള്ളത്. ട്രോളിങ് നിരോധനം മൂലം മത്സ്യവിലയും കൂടിയിരുന്നു. ട്രോളിങ് നിരോധനത്തിന് മുൻപ് 180-200 രൂപയായിരുന്ന മത്തിക്ക് വില 380-400 രൂപയായി. അയല, മറ്റ, കൊഴുവ, കരിമീന്‍, ചെമ്മീന്‍, ആവോലി എന്നിവയ്ക്കും വില വന്‍തോതില്‍ ഉയര്‍ന്നു. ആവോലിക്ക് ശരാശരി വില കിലോയ്ക്ക് ഇപ്പോൾ 1,000 രൂപയാണ്.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *