കന്നുകാലികളുടെ പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗമാണ് ബ്രൂസെല്ലോസിസ്. ഇത് മനുഷ്യരെ ബാധിക്കുന്ന ഒരു ജന്തുജന്യ രോഗമായതിനാല്‍ നിയന്ത്രണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കന്നുകാലികളില്‍ ഒരിക്കല്‍ ഈ രോഗബാധയുണ്ടായാല്‍ എന്നന്നേയ്ക്കുമായി നിലനില്‍ക്കുന്നു എന്നതാണ് പ്രത്യേകത. കഴിഞ്ഞ ഒക്‌റ്റോബറില്‍ തിരുവനന്തപുരത്ത് ഒരു ക്ഷീര കര്‍ഷകനും മകനും ഈ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.
വാക്‌സിനേഷന്‍ വഴി മാത്രമേ ഈ രോഗം നിയന്ത്രിക്കാനാവുകയുള്ളു. ആയതിനാല്‍ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ ബ്രൂസെല്ലോസിസ് വാക്‌സിനേഷന്‍ പരിപാടിയില്‍ 4 മുതല്‍ 8 മാസം പ്രായമുളള പശുക്കുട്ടികളെയും എരുമകുട്ടികളെയും വാക്‌സിനേഷന് വിധേയമാക്കുന്നു. കന്നുകാലികളില്‍ ഈ രോഗം പ്രത്യേക ലക്ഷണങ്ങള്‍ കാണിക്കാറില്ല. ഗര്‍ഭമലസാന്‍ മൃഗങ്ങളില്‍ ഈ രോഗം കാരണമാകും. മറ്റു ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ പലപ്പോഴും മൃഗങ്ങളില്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു അസുഖമാണ് . മൃഗങ്ങളിലെ ഗര്‍ഭം അലസലിലൂടെ ഉണ്ടാകുന്ന മറുപിള്ളയിലും (പ്ലാസന്റ ) മറ്റു സ്രവങ്ങളിലൂടെയുമാണ് ബ്രൂസെല്ല അണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറകള്‍ ധരിക്കുകയും വ്യക്തിശുചിത്വം കൃത്യമായി പാലിക്കുകയും ചെയ്താല്‍ അസുഖം പകരുന്നത് ഒരളവുവരെ തടയാനാകും. മറുപിള്ളയും മറ്റും ആഴമുള്ള കുഴികളില്‍ കുമ്മായം നിക്ഷേപിച്ച് സംസ്‌കരിക്കുന്നതാണ് ശാസ്ത്രീയമായ രീതി. ബ്രൂസെല്ല രോഗാണുക്കള്‍ പാലിലൂടെയും മറ്റു പാലുല്‍പന്നങ്ങളിലൂടെയും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിക്കാതെയും പാസ്ചുറൈസ് ചെയ്യാത്തതുമായ പാല്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.