തൃശ്ശൂർ: ഓടുന്ന ട്രെയിനിൽ നിന്നും എൻജിനും ബോഗിയും വേർപെട്ടു. എറണാകുളത്ത് നിന്നും വെള്ളിയാഴ്ച രാവിലെ 7.15 ന് ടാറ്റ നഗറിലേക്ക് പോയ 18190 നമ്പർ എറണാകുളം -ടാറ്റാ നഗർ എക്സ്സ്‌പ്രസിന്റെ ബോഗിയാണ് എൻജിനിൽ നിന്നും വേർപ്പെട്ടത്. തൃശൂർ വള്ളത്തോൾ നഗറിന് സമീപം രാവിലെ പത്ത് മണിയോടെയാണ് സംഭവം.
വള്ളത്തോൾ നഗറിന് സമീപം പതിനഞ്ചാം പാലത്തിന് അടുത്തുവെച്ചായിരുന്നു ബോഗികൾ വേർപെട്ടത്. എൻജിനും ബോഗിയും വള്ളത്തോൾ നഗർ സ്റ്റേഷനിൽ എത്തിച്ച് പരിശോധനകൾ നടത്തി. റെയിൽവേ പോലീസ്, ആർ.പി.എഫ്., സി.എൻ.ഡബ്ല്യൂ സ്റ്റാഫ്, മെക്കാനിക്കൽ വിഭാഗം സ്റ്റാഫ് എന്നിവർ ചേർന്ന് എൻജിനും തമ്മിൽ കൂട്ടി യോജിപ്പിച്ചു. ബോഗിക്കുള്ളിലെ വൈദ്യുതിബന്ധം കൃത്യമായി പ്രവർത്തിക്കാത്തതിനാൽ ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റാനാണ് അധികൃതർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ മണിക്കൂറുകളോളം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.