പുൽപ്പള്ളി :മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ മെത്രാപ്പോലീത്തയായ ഡോക്ടർ ജോസഫ് മാർ തോമസ് പിതാവിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഭവനരഹിതർക്കായി നൂറോളം വീടുകൾ നിർമ്മിച്ചു നൽകുന്നു.സുൽത്താൻ ബത്തേരിക്കടുത്ത മൂന്നാം മൈലിൽ ദേവാലയത്തിന്റെ സ്ഥലം തന്നെ പതിച്ചു നൽകിയ സ്ഥലത്ത് എട്ടോളം വീടുകളുടെ പണി പൂർത്തിയായി വരുന്നു. കൂടാതെ രൂപതയുടെ വിവിധ മേഖലകളിലായി ഭവനവും, വീടും ഇല്ലാത്തവർക്കും ഭൂമി വിലയ്ക്ക് വാങ്ങി വീടുവച്ച് നൽകുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.പുൽപ്പള്ളി മേഖലയിൽ രണ്ട് വീടുകളുടെ പ്രാരംഭ ജോലികൾ ആരംഭിച്ചു.
രൂപതാംഗങ്ങളുടെയും,സുമനസ്സുകളുടെയും സഹകരണത്തോടെ 30 കോടി രൂപയോളം വരുന്ന ബൃഹത് പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു.പുൽപ്പള്ളി വൈദിക ജില്ലയിലെ പ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ “ഇടയനോടൊപ്പം ” എന്ന സന്ദർശന പരിപാടിയോടനുബന്ധിച്ച് പുൽപ്പള്ളി സെൻറ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടത്തിയ മേഖലാതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ മേഖലാ പ്രോട്ടോ വികാരി ഫാദർ വർഗീസ് കൊല്ലമ്മാവുടിയിൽ,വികാരി ജനറാൾ ബഹു. ജേക്കബ് ഓലിക്കൽ, ഫാ.ചാക്കോ വെള്ളോംചാലിൽ,സിസ്റ്റർമേബിൾ.ഡി.എം,ജെയിംസ് വർഗീസ്,ജോയ് പി.ഓ,ഫാദർ എബ്രഹാം പുന്നവിളയിൽ എന്നിവർ പ്രസംഗിച്ചു.