കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്.
ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകനാണ് മൃദുൽ. ഇതോടെ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി.ഇക്കഴിഞ്ഞ ജൂൺ 24 നാണ് രോഗലക്ഷണങ്ങളുമായി മൃദുലിനെ ആശുത്രിയിൽ പ്രവേശിപ്പിക്കുന്നത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ മൃദുൽ കുളിച്ചിരുന്നു. ഇതിന് ശേഷമാണ് മസ്തിഷ്ക ജ്വര ബാധയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്.തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി 11. 24 ന് ആണ് മൃദുൽ മരിച്ചത്. മൃദുൽ ഫാറൂഖ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ‘
മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ (5), കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബു-ധന്യ ദമ്പതികളുടെ മകൾ വി. ദക്ഷിണ (13) എന്നിവരാണ് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് നേരത്തെ മരിച്ച കുട്ടികൾ. ഫദ്‌വ മെയ് 20 നും ജൂൺ 12 നുമാണ് മരിച്ചത്. ഫദ്വ വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലെ പാറക്കൽ കടവിലും ദക്ഷിണ മുന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് സ്വിമ്മിങ് പൂളിലും കുളിച്ചിരുന്നു.
നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂർവ്വമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്കജ്വരം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാറുള്ളൂ. ഇളം ചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകളെ കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ സ്വിമ്മിംഗ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവ ഉണ്ടാകാനാളുള്ള സാധ്യത കൂടുതലാണ്.
ക്ലോറിനേഷൻ മൂലം ഇവ നശിച്ചുപോകും. അതിനാൽ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളിൽ നീഗ്ലേറിയ ഫൗളേറി ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ ഈ രോഗാണുവിന് നിലനിൽപ്പില്ല. അതുകൊണ്ട് കടലിലും മറ്റും ഇവയെ കാണാറില്ല. കുളിക്കുമ്പോൾ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിക്കില്ല.
എന്നാൽ നീന്തുമ്പോഴോ മറ്റോ വെള്ളം ശക്തിയായി മൂക്കിൽ കടന്നാൽ മൂക്കിലെ അസ്ഥികൾക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു. അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകൾ നടത്തുന്നതും, തല വെള്ളത്തിൽ മുക്കി മുഖം കഴുകുന്നതും രോഗം വരാൻ ഇടയാക്കും. രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ല. ശക്തിയായ പനി, ഛർദ്ദി, തലവേദന, അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.