സംസ്ഥാനത്ത് യുവാക്കളില്‍ മഞ്ഞപ്പിത്ത മരണം വർധിച്ചുവരുന്നു

മഞ്ഞപ്പിത്ത മരണങ്ങളില്‍ 70 ശതമാനവും യുവാക്കളിലാണെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണില്‍ 27ാം തീയതിവരെ എട്ട് പേർ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. ഇതില്‍ ഏഴ് പേരും 45 വയസ്സില്‍ താഴെയുള്ളവരാണ്.മെയ് മാസത്തില്‍ 12 പേർ മഞ്ഞപ്പിത്തം ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയതില്‍ ഒൻപത് പേരും 50 വയസ്സില്‍ താഴെയുള്ളവരാണ്. ആറ് പേർ 45 വയസ്സില്‍ താഴെയുള്ളവരും. 14 വയസ്സുള്ള കുട്ടിയും ഇക്കൂട്ടത്തിലുണ്ട്. സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ കണക്കുകൂടി ലഭിച്ചാല്‍ നിരക്ക് ഇതിലും കൂടും.

 

രണ്ട് മാസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട 19 മരണങ്ങളില്‍ 13-ഉം 45-ന് താഴെ പ്രായമുള്ളവരാണ്. യുവാക്കളില്‍ മഞ്ഞപ്പിത്ത മരണം കൂടുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കോവിഡാനന്തര കാലഘട്ടത്തിലാണ് യുവാക്കളില്‍ മഞ്ഞപ്പിത്ത മരണനിരക്ക് കൂടിയതെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടർമാർ പറയുന്നു. അതിനുമുമ്പ് ഇങ്ങനെയൊരു പ്രതിഭാസം കണ്ടിരുന്നില്ലെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. യുവാക്കളില്‍ മരണനിരക്ക് കൂടുന്നത് ആരോഗ്യവകുപ്പിന്‍റെ ശ്രദ്ധയില്‍പെടുത്തിയതായും പഠനത്തിന് തുടക്കം കുറിച്ചതായും മെഡിക്കല്‍ കോളജിലെ ഡോക്ടർമാർ അറിയിച്ചു.

 

മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട യുവാക്കളുടെ, രോഗത്തിന് മുമ്പും ശേഷവുമുള്ള ആരോഗ്യചരിത്രമാണ് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, വൈറോളജി തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പഠനവിധേയമാക്കുന്നത്. പഠനറിപ്പോർട്ട് ഉടൻ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന് സമർപ്പിക്കും. കോവിഡാനന്തരം യുവാക്കളുടെ പ്രതിരോധശേഷി കുറഞ്ഞോ, മഞ്ഞപ്പിത്തം പരത്തുന്ന ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ക്ക് ജനിതക മാറ്റം സംഭവിച്ചോ തുടങ്ങിയ കാര്യങ്ങളില്‍ വിശദപഠനം ആവശ്യമാണെന്നും ഡോക്ടർമാർ പറയുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന അസുഖമായതിനാല്‍ കരള്‍ സംബന്ധമായ അസുഖങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കും. കോവിഡ് ബാധിച്ചവരിലും കരള്‍ സംബന്ധമായ അസുഖത്തിന് സാധ്യത കൂടുതലാണ്. അതിനാല്‍ ഇക്കാര്യങ്ങളില്‍ വിശദമായ പഠനത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ നിർദ്ദേശം സമർപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *