പുല്‍പള്ളി: മുരിക്കന്മാര്‍ ദേവസ്വം സീതാ ലവ-കുശ ക്ഷേത്രത്തിലെ രാമായണ മാസാചരണം വിപുലമായ പരിപാടികളോടെ ആഘോഷപൂര്‍വമാക്കാന്‍ സംഘാടക സമിതിയോഗം തീരുമാനിച്ചു. കര്‍ക്കടക മാസാരംഭമായ ജൂലൈ 16ന് രാവിലെ തന്ത്രി മഴുവന്നൂര്‍ ഇല്ലത്ത് ഡോ. ഗോവിന്ദരാജ് എമ്പ്രാന്തിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മഹാമൃത്യുഞ്ജയ ഹോമവും നടത്തും.
ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന സീതാപഥ സ്മൃതിയാത്രയില്‍ ഇത്തവണ അയല്‍ജില്ലകളില്‍നിന്നുമടക്കമുള്ള തീര്‍ഥാടകരെ പങ്കെടുപ്പിക്കും. 21ന് രാവിലെ രാവിലെ എട്ട് മണിയോടെ സീതാദേവി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന സ്മൃതി യാത്ര ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രം, വെള്ളാട്ടുതറ, ഹനുമാന്‍ കോവില്‍, ചേടാറ്റിന്‍കാവ്, ബൊമ്മദന്‍കാവ്, വാത്മീക ആശ്രമം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം ഉച്ചയോടെ സീതാദേവി ക്ഷേത്രത്തില്‍ തിരിച്ചെത്തും. തുടര്‍ന്ന് അന്നദാനവുമുണ്ടാകും. 28ന് രാവിലെ പത്തിന് ക്ഷേത്രം അഗ്രശാലയില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുവിഭാഗങ്ങള്‍ക്കുമായി രാമായണ പ്രശ്നോത്തിരി, രാമായണ പാരായണ മത്സരങ്ങള്‍ നടത്തും. ഓഗസ്റ്റ് നാലിന് ക്ഷേത്രത്തില്‍ രാമായണ സത്രം സംഘടിപ്പിക്കും.
മൂലസ്ഥാനമായ ചേടാറ്റിന്‍ കാവ് ക്ഷേത്രത്തില്‍ ഓഗസ്റ്റ് 15ന് രാവിലെ മുതല്‍ അഖണ്ഡ രാമായണ പാരായണവും നടത്തും. സീതാദേവി ക്ഷേത്രത്തില്‍ കര്‍ക്കടക മാസത്തിലെ എല്ലാ ദിവസവും രാമായണ പാരായണത്തിനുള്ള സൗകര്യമുണ്ടാകും. ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ സി. വിജേഷ് അധ്യക്ഷത വഹിച്ചു. പി. പത്മനാഭന്‍, എം.ബി. രാമകൃഷ്ണന്‍, പി.ആര്‍. തൃദീപ് കുമാര്‍, കെ.ഡി. ഷാജിദാസ്, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍, ഷിബു അമൃത, പി.ആര്‍. സുഭാഷ്, അനീഷ ദേവി, അര്‍ജുനന്‍ യോഗിമൂല തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വിജയന്‍ കുടിലില്‍ (പ്രസി), വിക്രമന്‍ എസ്.നായര്‍ (ജന. സെക്ര).