കോഴിക്കോട്: ജില്ലയിൽ ഒരാൾക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ പതിന്നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ട് 24 മണിക്കൂറിനുള്ളിൽ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ മൂന്നുകുട്ടികൾക്കാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ജീവൻ നഷ്ടമായത്. ഫറോക്ക് സ്വദേശിയായ പതിമൂന്നുവയസ്സുകാരൻ മൃദുൽ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു മരണം. വീടിനടുത്തുള്ള കുളത്തിൽ കുളിച്ചതോടെയാണ് രോഗബാധയുണ്ടായത്.
ജൂൺ അവസാനമാണ് കണ്ണൂർ സ്വദേശിയായ പതിമൂന്നുകാരി ദക്ഷിണ രോഗംബാധിച്ച് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേയായിരുന്നു മരണം. തലവേദനയും ഛർദിയും ബാധിച്ചാണ് ദക്ഷിണയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിൽനിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയസമയത്ത് കുട്ടി പൂളിൽ കുളിച്ചിരുന്നു.
രോഗംബാധിച്ച് മലപ്പുറം മുന്നിയൂർ സ്വദേശിനിയായ അഞ്ചുവയസ്സുകാരി മേയ് മാസത്തിൽ മരിച്ചിരുന്നു. കടലുണ്ടിപ്പുഴയിൽ കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതായി വീട്ടുകാർ വ്യക്തമാക്കിയിരുന്നു.