പ്ലസ് വൺ ആദ്യസപ്ലിമെൻ്ററി അലോട്ട്മെൻ്റിനുള്ള അപേക്ഷ സ്വീകരിക്കൽ വ്യാഴാഴ്ച പൂർത്തിയായി. അപേക്ഷകളുടെ എണ്ണം പരിഗണിച്ച് മലപ്പുറം തിരഞ്ഞെടുത്ത ജില്ലകളിൽ താത്കാലികമായി പുതിയ ബാച്ച് അനുവദിച്ചേക്കും. ഈ സീറ്റുകൂടി പരിഗണിച്ച് അടുത്തയാഴ്ച ആദ്യ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചു.
52,530 മെറിറ്റ് സീറ്റാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റിലുള്ളത്. മുഖ്യഅലോട്ട്മെൻ്റുകൾ പൂർത്തിയായപ്പോൾ 41,222 മെറിറ്റ് സീറ്റാണ് മിച്ചമുണ്ടായത്. സ്പോർട്സ് ക്വാട്ടയിൽ ഒഴിവുള്ള 3,172 സീറ്റും മാനേജ്മെൻ്റ്, കമ്യൂണിറ്റി മെറിറ്റുകളിൽ 8,136 സീറ്റും അനുവദിച്ച് സപ്ലിമെൻ്ററി അലോട്ട്മെൻ്റ് നടത്തുക.
സപ്ലിമെൻ്ററി ഘട്ടത്തിൽ രണ്ട് അലോട്ട്മെൻ്റുകളാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. താത്കാലിക ബാച്ച് അനുവദിക്കുന്ന സാഹചര്യത്തിൽ ഒരു അലോട്ട്മെൻ്റകൂടി നടത്തിയേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഒഴിവുള്ള സീറ്റിൻ്റെ എണ്ണത്തിനടുത്തുള്ള അപേക്ഷകൾ മാത്രമാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായി ലഭിച്ചിട്ടുള്ളത്. സ്പോർട്സ്, മാനേജ്മെൻ്റ്, കമ്യൂണിറ്റി ക്വാട്ടകളിലെ പ്രവേശന നടപടി പൂർത്തിയായതിനാൽ ഇനി സപ്ലിമെൻ്ററി അലോട്ട്മെൻ്റ് വഴി മെറിറ്റിലുള്ള പ്രവേശനം മാത്രമേ സാധ്യമാകൂ.