മൂന്നുമാസം റേഷൻ വാങ്ങിയില്ല; 60,038 കാർഡുടമകൾക്കിനി സൗജന്യറേഷനില്ല

തിരുവനന്തപുരം: തുടർച്ചയായി മൂന്നുമാസം റേഷൻ സാധനങ്ങൾ വാങ്ങാത്തതിനാൽ 60,038 റേഷൻ കാർഡുടമകളെ മുൻഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലേക്ക് മാറ്റി. ഇനി മുൻഗണനാ ആനുകൂല്യം കിട്ടണമെങ്കിൽ പുതിയ അപേക്ഷ നൽകണം. റേഷൻവിഹിതം കൈപ്പറ്റുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കാർഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് ഇല്ലാതായത്. മുൻഗണനാവിഭാഗത്തിൽ ആനുകൂല്യം നേടിയിരുന്ന ഇവർ ആനുകൂല്യമില്ലാത്തവരിലേക്ക് തരംമാറ്റപ്പെട്ടു. സൗജന്യറേഷൻ ഇവർക്കിനി ലഭിക്കില്ല.

 

ഇക്കൂട്ടത്തിൽ മുൻഗണനാവിഭാഗത്തിലെ (പിങ്ക്) 48,946 കാർഡുടമകളും എ.എ.വൈ വിഭാഗത്തിലെ(മഞ്ഞ) 6,793 കാർഡുടമകളും എൻ.പി.എസ് വിഭാഗത്തിലെ (നീല) 4,299 കാർഡുടമകളും തരം മാറ്റത്തിൽ  ഉൾപ്പെടുന്നുണ്ട്. കൂടുതൽ കാർഡുടമകൾ മുൻഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലേക്ക് മാറിയത് എറണാകുളം ജില്ലയിലാണ്. 8,512 പേർ. തൊട്ടുപിന്നിൽ തിരുവനന്തപുരവും (7,553), കുറവ് വയനാട് (871). കഴിഞ്ഞദിവസം സിവിൽ സപ്ലൈസ് വിഭാഗം പുറത്തിറക്കിയ കണക്കാണിത്.

 

94,52,535 റേഷൻ കാർഡുടമകളാണുള്ളത്. ഇതിൽ 36,09,463 കാർഡ് മുൻഗണന വിഭാഗത്തിലും  5,88,174 കാർഡ് എ.എ.വൈ വിഭാഗത്തിലും 22,63,178 എണ്ണം സബ്‌സിഡി വിഭാഗത്തിലും 29,63,062 കാർഡ് മുൻഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലും ഉൾപ്പെടുന്നുണ്ട്. ഏത് റേഷൻകടയിൽ നിന്ന് വാങ്ങാമായിരുന്നിട്ടും മുൻഗണനാവിഭാഗത്തിൽപ്പെട്ടവർ വാങ്ങാത്തത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഇവർക്ക് വീണ്ടും അപേക്ഷ നൽകി കാരണം ബോധിപ്പിച്ച് ആനുകൂല്യങ്ങൾ തിരികെനേടാാ. റേഷൻ വാങ്ങുമെന്ന് ഉറപ്പുള്ളവർക്കുമാത്രമേ കാർഡ് പുതുക്കി നൽകുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം, മുൻഗണനാ കാർഡ് ലഭിക്കാനായി ആയിരക്കണക്കിന് അപേക്ഷകളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. നവകേരള സദസിൽ അടക്കം ലഭിച്ച പരാതികൾ ഇതിന് പുറമെയുണ്ട്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *