ഹരാരെ: ലോകകപ്പ് വിജയിച്ചതിന്റെ ആഘോഷം രാജ്യത്ത് കെട്ടടങ്ങുന്നതിന് മുമ്പ് യുവ ഇന്ത്യക്ക് സിംബാബ്‌വെ ഷോക്ക്.116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 102 റൺസിന് പുറത്തായി. 13 റൺസിനാണ് ഇന്ത്യയുടെ തോൽവി. അഞ്ചുമൽസരങ്ങളുടെ പരമ്പരയിൽ സിംബാബ്‌വെ 1-0ന് മുന്നിലാണ്. 29 റൺസ് നേടിയ വിക്കറ്റ് കീപ്പർ ക്ലൈവ് മദാൻ ദെയാണ് സിംബാബ്‌വെ യുടെ ടോപ് സ്കോറർ.
ട്വന്റി20 ലോകകപ്പിനുശേഷത്തെ ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു സിംബാബ്‌വെയുമായി നടന്നത്. ഇന്ത്യ 19.4 ഓവറിൽ 102 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ട്വൻ്റി 20യിൽ ഇന്ത്യയുടെ 12 മൽസരങ്ങളുടെ അപരാജിത കുതിപ്പിനും ഇതോടെ അവസാനമായി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 31 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഏഴുപേർ രണ്ടക്കം കടക്കാതെ പുറത്തായി.സിംബാബ്ഖയ്ക്കായി സിങ്കന്ദർ റാസയും ടെൻഡെയ് ചറ്റാരയും മൂന്നുവിക്കറ്റുകൾ വീതം വീഴ്ത്തി. ആദ്യം ബാറ്റുചെയ്‌ത സിംബാബ്‌വെ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 115 റൺസെടുത്തത്. ഇന്ത്യയ്ക്കായി രവി ബിഷ്ണോയ് 4 വിക്കറ്റുകൾ വീഴ്ത്തി.