ഗൂഡല്ലൂർ : ഗൂഡല്ലൂർ പുത്തൂർവയലിൽ ചതിപ്പിൽ വീണ് കാട്ടാന ചരിഞ്ഞു .പുത്തൂർ വയലിൽ സ്വകാര്യ വ്യക്തിയുടെ വയലിലെ ചേറിൽ പൂണ്ടാണ് കാട്ടാന ചരിഞ്ഞത്. ഇന്നലെ പുലർച്ചെ എത്തിയ കാട്ടാനയാണ് വയലിലെ ചേറിൽ പുതഞ്ഞുപോയത്. മുൻകാലുകൾ ചേറിൽ പുതഞ്ഞ് പിന്നാലെ തുമ്പിക്കൈ ചേറിൽ ആഴ്ന്നിറങ്ങിയതോടെ ശ്വാസം കിട്ടാതെയാണ് ആന ചരിഞ്ഞത്. ഇന്നലെ രാവിലെ പതിനൊന്നോടെ നാട്ടുകാർ ആനയെ ചേറിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്.സ്ഥിരമായി നാട്ടിലെത്തി കൃഷി നശിപ്പിക്കുന്ന ആനയാണെന്ന് നാട്ടുകാർ പറഞ്ഞു.വിവരമറിഞ്ഞ് ഗൂഡല്ലൂർ ഫോറസ്റ്റ് ഓഫീസർ വെങ്കിടേഷ് പ്രഭു, അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ കറുപ്പിയ, ഫോറസ്റ്റ് ഗാർഡ് രാധാകൃഷ്‌ണൻ എന്നിവരുൾപ്പെടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കാട്ടാനയ്ക്ക് 15 വയസ്സ് പ്രായമുള്ളതായി വനംവകുപ്പ് അറിയിച്ചു. ഈ ഭാഗത്ത് ഒരു മാസമായി കാട്ടാന ശല്യം രൂക്ഷമായിരുന്നു. മുതുമല കടുവാ സങ്കേതത്തിൽനിന്നു തൊറപ്പള്ളി വഴിയാണ് കാട്ടാനയെത്തിയത്.പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ആനയെ സംസ്കരിക്കും.