കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. പനി, തലവേദന, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങൾ കുറഞ്ഞു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തിക്കോടി സ്വദേശിയായ 14കാരനാണ് ഒരാഴ്‌ചമുമ്പ് ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയത്.
ആരോഗ്യ വകുപ്പ് ജർമനിയിൽനിന്ന് മിൽട്ടി ഫോസിൻ എന്ന മരുന്ന് എത്തിച്ച് നൽകിയിരുന്നു. ഒരാഴ്‌ചകഴിഞ്ഞുള്ള സ്രവപരിശോനയിൽ ഫലം നെഗറ്റീവായാൽ കുട്ടി ആശുപത്രിവിടും. ലക്ഷണങ്ങൾ കണ്ട ഉടൻ ചികിത്സ ആരംഭിച്ചതും പ്രത്യേക മരുന്ന് ലഭ്യമാക്കിയതും ആശ്വാസമായി. തിക്കോടിയിലെ കാട്ടുകുളത്തിൽ കുളിച്ച രണ്ട് കുട്ടികളാണ് ലക്ഷണങ്ങളുമായി ചികിത്സതേടിയത്.മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഒരു കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവായതിനാൽ ബുധനാഴ്ച ആശുപത്രി വിട്ടിരുന്നു.