ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ 4 സൈനികർക്ക് വീരമൃത്യു. തിങ്കളാഴ്ച ഉച്ചയ്ക്ക് സൈന്യത്തിൻ്റെ പട്രോളിങ് വാഹനവ്യൂഹത്തിനുനേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. കത്വയിലെ മച്ചേഡി-കിണ്ട്ലി-മൽഹാർ റോഡിലായിരുന്നു ആക്രമണം. ആറ് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
സൈനിക വാഹനവ്യൂഹത്തിനുനേരെ ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ വനത്തിനുള്ളിൽ മറഞ്ഞു. ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. രണ്ടു ദിവസത്തിനിടെ ജമ്മുവിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച രജൗറിയിലുണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു. പഞ്ചാബിന്റെ പത്താൻകോട്ട് ജില്ലയുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് കത്വ. കഴിഞ്ഞ ദിവസം ആറ് ഭീകരരെയാണ് 48 മണിക്കൂറിനിടെ സൈന്യം വധിച്ചത്.