കൽപ്പറ്റ : ജില്ലാ ആസൂത്രണസമിതി ജില്ലാ കലക്ടർ ഡോ. രേണുരാജിന് യാത്രയയപ്പ് നൽകി. പിന്നാക്ക ജില്ലയായ വയനാടിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ജില്ലാ കലക്ടർക്ക് സാധിച്ചതായി ഡി.പി.സി അംഗങ്ങൾ പറഞ്ഞു. ജില്ലാ ആസൂത്രണസമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ കലക്ടർക്ക് നൽകി.
ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന പരിപാടിയിൽ ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ, വിവിധ വകുപ്പുകൾ കലക്ടർക്ക് ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അധ്യക്ഷനായ പരിപാടിയിൽ ആസൂത്രണ സമിതി ബോർഡ് സർക്കാർ നോമിനി ഇ.എൻ പ്രഭാകരൻ, ജില്ലാ പ്ലാനിങ് ഓഫീസർ ഇൻചാർജ് പി.ആർ.രത്നേഷ്, അഡീഷണൽ എസ്.പി വിനോദ് പിള്ള, ജനപ്രതിനിധികൾ, ഡി.പി.സി.മാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറാണ് ഡോ. രേണുരാജ് ചുമതലയേൽക്കുന്നത്.