ഗൾഫിൽ സ്കൂളുകളുടെ അവധിക്കാലം ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് 200 ശതമാനത്തിലേറെ വർധിപ്പിച്ച് വിമാനക്കമ്പനികൾ.അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികളുടെ നടുവൊടിക്കുന്ന തരത്തിലാണ് പ്രധാന വിമാനക്കമ്പനികളെല്ലാം നിരക്ക് കൂട്ടിയിരിക്കുന്നത്.
▪️കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിലേക്കെല്ലാം നിരക്ക് വൻതോതിൽ കൂട്ടി. ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് 12,000 രൂപയിൽ താഴെയായിരുന്നത് 41,864 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ നിരക്കിനടുത്ത് ഉണ്ടായിരുന്നത് കൊച്ചിയിലേക്ക് 38,684 രൂപയും തിരുവനന്തപുരത്തേക്ക് 39,847 രൂപയും കണ്ണൂരിലേക്ക് 44,586 രൂപയുമാക്കി.
▪️അബുദാബിയിൽനിന്ന് 10,650 രൂപ ഉണ്ടായിരുന്നത് കോഴിക്കോട്ടേക്ക് 32,535 രൂപ, കൊച്ചിയിലേക്ക് 30,065 രൂപ എന്നിങ്ങനെയും കൂട്ടി. തിരുവനന്തപുരത്തേക്ക് 28,091 രൂപയും കണ്ണൂരിലേക്ക് 34,805 രൂപയും കൊടുക്കണം.
▪️ദുബായിൽനിന്നുള്ള ടിക്കറ്റ് നിരക്കും ഇതേതോതിൽ കൂട്ടിയിട്ടുണ്ട്. 12,000 രൂപയുണ്ടായിരുന്നത് 29,600 മുതൽ 30,880 രൂപ വരെയാണ് ഉയർത്തിയത്.
▪️ഷാർജയിൽനിന്ന് കേരളത്തിലേക്ക് 8,000 രൂപയുണ്ടായിരുന്നത് 30,000 മുതൽ 34,100 വരെയായി ഉയർന്നു. ഓഗസ്റ്റ് ആദ്യ ആഴ്ചവരെ ഈ ഉയർന്ന നിരക്കാണ് കാണിക്കുന്നത്.
ഗൾഫിൽ സ്കൂളുകൾ അടയ്ക്കുന്ന ജൂലായ് മാസത്തിലാണ് പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങുന്നത്. ഈ സാഹചര്യം മുതലെടുത്താണ് വിമാനക്കമ്പനികളുടെ പകൽക്കൊള്ള. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് ശരാശരി ഒരു ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കിൽ അധികമായി കണ്ടെത്തേണ്ടിവരും.അവധിക്കാലം തീർന്ന് പ്രവാസികൾ തിരിച്ചുപോകാനിരിക്കുന്ന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും നിരക്ക് ക്രമാതീതമായി ഉയർത്താറുണ്ട്.