മ്യൂണിക്ക്: ഫ്രാൻസിനെതിരേ ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞ യൂറോ കപ്പ് സെമി പോരാട്ടം ജയിച്ച് സ്‌പാനിഷ് ഫൈനലിൽ. രണ്ടാം പകുതിയിൽ തകർത്തുകളിച്ച ഫ്രാൻസിൻ്റെ മുന്നേറ്റങ്ങളെ തടഞ്ഞുനിർത്തി ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ ജയം. ഒമ്പതാം മിനിറ്റിൽ തന്നെ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് സ്പെയിൻ ജയം സ്വന്തമാക്കിയത്.
യൂറോയിൽ സ്പാനിഷ് സംഘത്തിന്റെ അഞ്ചാം ഫൈനലാണിത്. ഇത്തവണത്തെ യൂറോയിൽ സ്പെയിനിന്റെ തുടർച്ചയായ ആറാം ജയമായിരുന്നു ഇത്. യൂറോ കപ്പ് ചരിത്രത്തിൽ തുടർച്ചയായി ആറു കളികൾ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡും സ്വന്തമാക്കിയാണ് സ്പെയിനിന്റെ ഫൈനൽ പ്രവേശനം. ഒമ്പതാം മിനിറ്റിൽ കോലോ മുവാനിയിലൂടെ മുന്നിലെത്തിയ ഫ്രാൻസിനെതിരേ ലമിൻ യമാലിലൂടെയും
ഓൽമോയിലൂടെയും സ്പെയിൻ തിരിച്ചടിക്കുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയ്ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നെതർലൻഡ്‌സ് – ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനൽ വിജയികളെ ഞായറാഴ്ച രാത്രി ബെർലിനിൽ നടക്കുന്ന ഫൈനലിൽ സ്പെയിൻ നേരിടും.