ഡോർട്ട്മുണ്ട് :നെതർലൻഡ്‌സിനെ തകർത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെമിഫൈനലിൽ ഇംഗ്ലണ്ട് ജയിച്ചു കയറിയത്. 90-ാം മിനിറ്റിൽ ഒലി വാറ്റ്കിൻസാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോൾ നേടിയത്. യൂറോ കപ്പിൽ ഇംഗ്ലണ്ട് തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിൽ കടക്കുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ ഇറ്റലിയോട് ഷൂട്ടൗട്ടിൽ തോറ്റിരുന്നു.ഫൈനലിൽ ഇംഗ്ലണ്ട് സ്പെയിനെ നേരിടും.ഞായറാഴ്ച ആണ് ഫൈനൽ നടക്കുക.
ശക്തമായ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ഏഴാം മിനിറ്റിൽ നെതർലൻഡ്സിനായി സാവി സിമോൺസ് ഗോൾ എത്തിച്ചപ്പോൾ ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ (പെനാൽറ്റി (18)), പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിൻസ് (90) എന്നിവരാണ് ഗോൾ നേടിയത്.
ഹാരി കെയ്നെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് വിഎആർ പരിശോധനകൾക്കു ശേഷം റഫറി ഇംഗ്ലണ്ടിന് പെനൽറ്റി അനുവദിച്ചു.കിക്കെടുത്ത കെയ്ൻ ലക്ഷ്യം തെറ്റാതെ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ 90–ാം മിനിറ്റിൽ വാറ്റ്കിൻസ് ഇംഗ്ലണ്ടിനായി വിജയ ഗോൾ നേടി.കോൾ പാമർ നൽകിയ പാസിൽ നിന്നായിരുന്നു ഒലി വാറ്റ്കിൻസിന്റെ തകർപ്പൻ ഗോൾ.