വൈത്തിരി: കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എക്കോ ടെസ്റ്റ് ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍, ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിന്‍ ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 15 മുതലാണ് എക്കോ ടെസ്റ്റ് ആരംഭിക്കുന്നത്. എല്ലാ തിങ്കളാഴ്ചകളിലും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആളുകള്‍ക്ക് 650 രൂപ നിരക്കില്‍ ഉച്ച കഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെയുള്ള സമയങ്ങളിലാണ് എക്കോ ടെസ്റ്റ് സേവനം ലഭിക്കുക. കുട്ടികള്‍ക്കും ഇവിടെ ടെസ്റ്റ് ചെയ്യാം. ഹൃദ്യം പദ്ധതിയിലെ കുട്ടികള്‍ക്കും സേവനം ഉപയോഗപ്പെടുത്താം. ആശുപത്രിയിലെ നവീകരിച്ച ലാബില്‍ 155ഓളം ടെസ്റ്റുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നല്‍കി വരുന്നുണ്ട്. ഇതിനായി ഒരു പതോളജിസ്റ്റിനെ കൂടി എം പാനല്‍ ചെയ്ത് സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ട്യൂമര്‍ മാര്‍ക്കേഴ്‌സ്, ഹോര്‍മോണ്‍ ടെസ്റ്റുകള്‍, സൈറ്റോളജി ടെസ്റ്റുകള്‍ ഹിസ്‌റ്റോകെതോളജി ടെസ്റ്റുകളും സര്‍ക്കാര്‍ നിരക്കില്‍ ആശുപത്രിയില്‍ ലഭിക്കും. മൂന്നു മാസമായി ആശുപത്രിയില്‍ അള്‍ട്രാ സ്‌കാനിങ് സൗകര്യം നല്‍കുന്നുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് സ്‌കാനിങ്. ഓഫിസ് വിഭാഗം ഇ-ഓഫിസിലേക്ക് മാറിയിട്ടുണ്ട്. ശ്വാസകോശ അസുഖങ്ങളുടെ ഒ.പി ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്നു വരെ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഴ്ചയില്‍ ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഗൈനക്കോളജി ഒ.പി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. പാമ്പുകടി, വിഷബാധ എന്നിവക്കുള്ള ചികിത്സയും ആശുപത്രിയിലുണ്ട്.
മുട്ടു മാറ്റിവയ്ക്കല്‍, ലിഗ്‌മെന്റ് റിപ്പയര്‍, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ആശുപത്രി. ഇ-ഹെല്‍ത്ത് നടപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഒപ്പം വിദഗ്ധരായ ഡോക്ടര്‍മാരും സംഘവും ദേശീയ നിലവാരത്തിലുള്ള വിവിധ അക്രഡിറ്റേഷനുകള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങളിലാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു.