കോഴിക്കോട് :ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി സൈബർ പൊലിസ്. രജിസ്റ്റർ ചെയ്തതിൽ കൂടുതൽ തുക നഷ്ടപ്പെട്ട രണ്ടാമത്തെ പരാതി കോഴിക്കോട് സൈബർ പൊലിസാണ് അന്വേഷിക്കുന്നത്.
വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ കോഴിക്കോട് സ്വദേശിയായ സംരംഭകന്റെ 4.8 കോടിയാണ് തട്ടിയെടുത്തത്. ഈ കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് സിറ്റിയിൽ മാത്രം ആറു മാസത്തിനിടെ 15.34 കോടിയാണ് തട്ടിയത്.വാട്‌സാപ്പ് വഴി ‘ഗ്രോ’ എന്ന ഷെയർ ട്രേഡിങ് അപ്ലിക്കേഷനാണെന്ന വ്യാജേന കൂടുതൽ നിക്ഷേപം നടത്തി വൻ ലാഭം നേടാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. സമാന തട്ടിപ്പുകൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സൈബർ പൊലിസ് മുന്നറിയിപ്പുമായിi രംഗത്തെത്തിയത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സൗജന്യട്രേഡിങ് ടിപ്‌സ് ക്ലാസുകൾ, എഫ്.ഐ.ഐ മുഖേന ഐ.പി.ഒ അലോട്ട്‌മെന്റ്, ഉയർന്ന ലാഭം എന്നിവ വാഗ്ദാനം ചെയ്ത പരസ്യവഴിയിലൂടെയാണ് തട്ടിപ്പുകൾക്ക് തുടക്കമിടുന്നത്.ഈ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ വാട്‌സാപ്പിലെയോ ടെലിഗ്രാമിലെയോ ഗ്രൂപ്പിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. തട്ടിപ്പുകാർ ഇരകളുമായി ആശയവിനിമയം നടത്തി ഓഹരി വാങ്ങാനും വിൽക്കാനുമുള്ള സൗജന്യ ട്രേഡിങ് ടിപ്പുകൾ വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താൻ അവരെ പ്രേരിപ്പിക്കും. ചെറിയ തുക നിക്ഷേപിക്കുമ്പോൾ ഉയർന്ന റിട്ടേൺ നൽകി അവരുടെ അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്യുന്നു. ദിവസങ്ങൾക്ക് ശേഷം, സ്റ്റോക്കുകൾ ട്രേഡ് ചെയ്യുന്നതിനും വലിയ ലാഭം നേടുന്നതിനുമായി തട്ടിപ്പുകാർ നൽകുന്ന ആപ്ലിക്കേഷനുകളോ വെബ് പ്ലാറ്റ്‌ഫോം എന്നിവ ഇൻസ്റ്റാൾ ചെയ്യുന്നതിനോ ആക്‌സസ് ചെയ്യുന്നതിനോ ആവശ്യപ്പെടുകയാണ് പതിവ്.
ഡിജിറ്റൽ വാലറ്റിൽ ഉയർന്ന നിരക്കിൽ അമിതലാഭം പ്രദർശിപ്പിക്കും. നിക്ഷേപകർ ഡിജിറ്റൽ വാലറ്റിൽ നിന്ന് തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ, ഏകദേശം 50 ലക്ഷമോ കൂടുതലോ ലാഭത്തിൽ എത്തിയാൽ മാത്രമേ ഇത് സാധ്യമാകൂ എന്നു പറയുകയാണ് ചെയ്യുന്നത്.സെബി പോലുള്ള റെഗുലേറ്ററി അതോറിറ്റികളിൽ കമ്പനിയോ ബ്രോക്കറോ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാതെ ട്രേഡിങ് നടത്തരുതെന്നാണ് പൊലിസ് മുന്നറിയിപ്പ്. അത്തരം റെഗുലേഷനുകൾ സ്ഥാപനം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സാധാരണയിലും ഉയർന്ന റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കരുത്. അമിത നേട്ടം നൽകുന്നതായി വാഗ്ദാനം നൽകുന്ന നിക്ഷേപങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും നിക്ഷേപത്തിന് മുമ്പ് തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും പൊലിസ് അറിയിച്ചു.