തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും, ജാർഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴിയും ഉണ്ട്. കേരള തീരത്ത് പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
അതേസമയം, മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരക്കും. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കാസർകോട് ജില്ലയിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും ഇന്ന് അവധിയായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല. മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.