കേരള വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രനും ഉന്നത വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥന്മാരുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ . ജോസഫ് പാപ്ലാനി പിതാവിൻ്റെ നേതൃത്വത്തിൽ കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി ,തലശ്ശേരി രൂപത നേതാക്കൾ കൂടിക്കാഴ്ച നടത്തി. മലയോര ജില്ലകൾ നേരിടുന്ന അതിരൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കർഷകർ നേരിടുന്ന പ്രശ്നങ്ങൾ വനംമന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥന്മാരുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനും ആണ് കൂടിക്കാഴ്ച നടത്തിയത് .
വന്യമൃഗങ്ങളെ വനത്തിനുള്ളിൽ തന്നെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ സ്വീകരിക്കുക. ഹാങ്ങിങ് സോളാർ ഫാൻസിങ്, ഫ്ലാഷ് ഗാർഡ് ഫെൻസിംഗ്, സോളാർ ഫാൻസിങ് എന്നിവ അടിയന്തരമായി നിർമ്മിക്കുക. വയനാട് വന്യജീവി സങ്കേതത്തിൽ ഉൾക്കൊള്ളുവാൻ സാധിക്കുന്നതിലും അധികമുള്ള കടുവകളെ കേരളത്തിലെ കടുവകൾ കുറഞ്ഞ കടുവാ സങ്കേതങ്ങളിലേക്ക് മാറ്റുക. വടക്കനാട് പ്രദേശത്ത് ക്രാഷ് ഗാർഡ് ഫെൻസിങിന് ഫണ്ട് അനുവദിച്ചിട്ടും പണി ആരംഭിക്കാത്തത് ആരംഭിച്ച് അടിയന്തരമായി പൂർത്തിയാക്കുക .കാർഷിക വിളകൾ നഷ്ടമാകുന്ന കർഷകർക്ക് ബാങ്കിംഗ് അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന സ്കെയിൽ ഓഫ് ഫിനാൻസ് പ്രകാരം നഷ്ടപരിഹാരം നൽകുക, വന്യജീവി ആക്രമണം മൂലം ശാരീരിക അവശതകൾ നേരിടുന്ന കർഷകർക്ക് ചികിത്സ ആനുകൂല്യങ്ങളും ആശ്രിതർക്ക് ജോലിയും നൽകുക, വന്യമൃഗ ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുന്നവർക്ക് 50 ലക്ഷം രൂപ ആശ്വാസ ധനം അനുവദിക്കുക ,ആർ ആർ ടി പട്രോളിങ് കാര്യക്ഷമമാക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്വയംസന്നദ്ധത പുനരാധിവാസ പദ്ധതി ത്വരിതപ്പെടുത്തുക, പുൽപ്പള്ളിയിൽ കർഷക സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള പോലീസ് കേസുകൾ അവസാനിപ്പിക്കുക, വനപാതകൾക്ക് അരികിലും കൃഷി ഇടങ്ങൾക്കരികിലും ഉള്ള അടിക്കാടുകൾ 50 മീറ്റർ ഉള്ളിലേക്ക് മാറി വെട്ടി മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ മാനന്തവാടി രൂപതാ സമിതിക്ക് വേണ്ടി കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡൻറ് ജോൺസൺ തൊഴുത്തുങ്കൽ സമർപ്പിച്ചു.
വനാതിർത്തിക്കുള്ളിൽ ആർ ആർ ടി പട്രോളിങ് ശക്തമാക്കുമെന്നും, വനത്തിലൂടെയുള്ള റോഡുകൾക്കിടവശമുള്ള അടിക്കാടുകൾ വെട്ടിമാറ്റുമെന്നും ,വന്യമൃഗ ശല്യം ഉണ്ടായാൽ അടിയന്തര സാഹചര്യം നേരിടാൻ പി ആർ ടി (പ്രൈമറി റെസ്പോൺസ് ടീം ) പ്രദേശകവാസികളുടെ സഹകരണത്തോടെ നിയോഗിക്കുമെന്നും, നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടി വെക്കുവാൻ ഉത്തരവ് നൽകുവാൻ പഞ്ചായത്ത് പ്രസിഡണ്ട് മാർക്ക് നൽകി അധികാരം ഉപയോഗിക്കാൻ വീണ്ടും നിർദ്ദേശം നൽകുമെന്നും, ആവശ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഷൂട്ടിംഗിൽ പരിശീലനം നൽകുംഎന്നും മന്ത്രി എ കെ ശശീന്ദ്രൻ ഉറപ്പുനൽകി. മലയോര ജനതയോട് ഏറെ ശ്രദ്ധാപൂർവ്വമായ പരിഗണന സംസ്ഥാന സർക്കാരിന് ഉണ്ടെന്നും, കാർഷികവിളകളുടെ നഷ്ടപരിഹാരത്തുക ഉയർത്തുവാനും, മരണപ്പെടുന്നവർക്കുള്ള ആശ്വാസ ധനസഹായം വർധിപ്പിക്കുവാൻ മുൻകൈ എടുക്കും എന്നും മന്ത്രി മറുപടി നൽകി.
നിർദ്ദേശങ്ങളും തീരുമാനങ്ങളും സമയബന്ധിതമായി നടപ്പിലാക്കാൻ നോർത്ത് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീമതി കെ എസ് ദീപയെ മന്ത്രി ചുമതലപ്പെടുത്തി.പ്രവർത്തന പുരോഗതി ഓരോ പത്തു ദിവസങ്ങളിലും മന്ത്രിക്ക് റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
കേരള നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീറും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
ആർച്ച് ബിഷപ്പിനോടൊപ്പം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഫാ. ഫിലിപ്പ് കവിയിൽ, മാനന്തവാടി രൂപത പ്രസിഡൻറ് ജോൺസൺ തൊഴുത്തുങ്കൽ, ട്രഷറർ സജി ഫിലിപ്പ് വട്ടക്കാമുകളേൽ, ഗ്ലോബൽ ട്രഷറർ ടോണി പുഞ്ചക്കുന്നേൽ,തലശ്ശേരി അതിരൂപത പ്രസിഡൻറ് ഫിലിപ്പ് വെളിയത്ത് ,ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, വനം വന്യജീവി ഉന്നത ഉദ്യോഗസ്ഥരായ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ ഗംഗാ സിംങ്ങ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.പി പുകഴേന്തി,ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മാരായ വിജയാനന്ദ്, കെ എസ് ദീപ, ജില്ലാ ഫോറസ്റ്റ് ഓഫീസ് മാരായ ജോസ് മാത്യു, ആഷിക് അലി, കെ അഷറഫ് ,ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ പി.ബിജു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ജോൺസൺ തൊഴുത്തുങ്കൽ
രൂപതാ പ്രസിഡൻ്റ്
കത്തോലിക്കാ കോൺഗ്രസ്
മാനന്തവാടി രൂപത
9048429 409