ബെംഗളൂരു/കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തതിന്റെ ഭാഗമായി റഡാർ എത്തിച്ചു തിരച്ചിൽ ആരംഭിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മംഗളൂരുവിൽ നിന്ന് റഡാറെത്തിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും. സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ദൗത്യം ദുഷ്കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ അറിയിച്ചു. അർജുന്റെ രക്ഷയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേരള മുഖ്യമന്ത്രി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.