കേരളത്തിൽ നിപ സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചത് പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവായതോടം. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നു. പാണ്ടിക്കാട് പഞ്ചായത്തിലെ 14കാരൻ്റെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിലെ പരിശോധനയിലാണ് പോസിറ്റീവായി സ്ഥിരീകരിച്ചതെന്ന് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. നിപ സ്ഥിരീകരിച്ചതോടെ പാണ്ടിക്കാട് നിയന്ത്രണ ഏർപ്പെടുത്തി. ജില്ലയിൽ ജാഗ്രത പുലർത്തണമെന്നും സമ്പർക്കത്തിലുള്ളവരെ രക്തസാമ്പിളുകൾ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. മലപ്പുറം ജില്ലയിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നു.
ഇന്നലെ രാത്രിയാണ് പാണ്ടിക്കാട് ഒരു കുട്ടിക്ക് നിപ സംശയം ഉണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ വിളിച്ചു പറഞ്ഞതെന്ന് നേരത്തെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജാഗ്രത നടപടികൾ സ്വീകരിച്ചുവെന്നും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രത്യേക 30 റൂമുകൾ സജ്ജമാക്കിയെന്നും മന്ത്രി വീണാ ജോർജ്ജ് അറിയിച്ചിരുന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രോഗം ബാധിച്ച കുട്ടി ഗുരുതരവസ്ഥയിലാണ്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കുട്ടിയെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുന്നത്. വവ്വാലുകൾ കഴിച്ച പഴമോ മറ്റോ, എടുത്താൽ വൈറസ് വരാൻ സാധ്യത. രോഗബാധിത മേഖലയിൽ നിന്ന് അത്തരം സൂചനകളുണ്ട് , സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രാഥമിക വിവരം മാത്രമെന്നും മന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കിയിരുന്നു. ഭയം വേണ്ട, ജഗ്രതയൊടെ നേരിടാൻ കഴിയുമെന്ന് വ്യക്തമാക്കിയ ആരോഗ്യമന്ത്രി ആൻ്റി ബോഡി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചിരുന്നു. ആൻ്റി ബോഡി അടുത്ത ദിവസം ജില്ലയിൽ എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു
.