കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട്മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് 14-കാരന്റെ ജീവൻ നിലനിർത്തുന്നത്. 30 പേർ അടങ്ങിയ പ്രത്യേക സംഘത്തിനാണ് കുട്ടിയുടെ ചികിത്സാ ചുമതല. നിലവിലെ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, നിരീക്ഷണത്തിൽ കഴിയുന്ന മൂന്ന് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. നിപ സ്ഥിരീകരിച്ച കുട്ടിയുടെ സുഹൃത്ത് പനി ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഈ കുട്ടിയുടെ സ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഞായറാഴ്‌ച ഇതിന്റെ പരിശോധന ഫലം ലഭിക്കും. സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സ്രവവും പരിശോധയ്ക്ക് അയച്ചു. ഹൈറിസ്ക് കാറ്റഗറിയിൽ ബാക്കിയുള്ള 35 പേരുടെ സ്രവം ഞായറാഴ്‌ച പരിശോധനയ്ക്കായി അയക്കും.