സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ മാത്രമാണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ 11.55 സെന്റീമീറ്റർ വരെ മഴ ലഭിച്ചേക്കാം.
വടക്കൻ കേരളം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമർദപാത്തിയാണു നിലവിലെ മഴയ്ക്ക് കാരണം. തീരങ്ങളില്‍ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നുണ്ട്. അതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. അടുത്ത 4 ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ട്. വടക്കൻ കേരളത്തില്‍ പ്രത്യേകിച്ച് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ മഴ തുടരും. ജൂലൈ അവസാനത്തോടെ വീണ്ടും കേരളത്തില്‍ മഴ സജീവമാകാൻ സാധ്യതയുണ്ട്.