കേരളത്തിൽ ലഹരി കടത്തുന്ന മുഖ്യ കണ്ണിയെ വയനാട് പോലീസ് അതിസാഹസികമായി പിടികൂടി. കേരള-കർണാടക അതിർത്തി ഗ്രാമമായ ബൈരക്കുപ്പ, ആനമാളം, തണ്ടൻകണ്ടി വീട്ടിൽ രാജേഷ്(28)നെയാണ് പുൽപ്പള്ളി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബിജു ആന്റണിയും സംഘവും കർണാടകയിലെ മച്ചൂരിൽ നിന്ന് പിടികൂടിയത്. കേരളത്തിലേക്കുള്ള ലഹരികടത്തിൽ പ്രധാനിയാണിയാൾ. ലഹരി നൽകിയയാളും ഇടനിലക്കാരമടക്കം ഇതുവരെ നാല് പേര്.
ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക‌്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോൾ ഒരു കൂട്ടം ആളുകൾ തടയാൻ ശ്രമിച്ചു. മേയ് 23ന് സ്കൂട്ടറിൽ കടത്തുകയായിരുന്ന 2.140ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പെരിക്കല്ലൂരിൽ വെച്ച് പിടിയിലായ കേസിന്റെ തുടരന്വേഷണത്തിലാണ് ഇവർക്ക് കഞ്ചാവ് നൽകിയ രാജേഷിനെക്കുറിച്ച് ലഭിച്ച വിവരം. ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിലാണ് പോലീസ് രാജേഷിലേക്കെത്തുന്നത്.
മലപ്പുറം സ്വദേശികളായ അരീക്കോട്, കാവുംപുറത്ത് വീട്ടിൽ ഷൈൻ എബ്രഹാം(31), എടക്കാപറമ്പിൽ, പുളിക്കാപറമ്പിൽ വീട്ടിൽ അജീഷ്(44) 23ന് പിടിയിലാകുന്നത്. ഈ മാസം 20ന് ശനിയാഴ്ച മലപ്പുറം, അരിക്കോട്, എടക്കാട്ടുപറമ്പ്, മുളക്കാത്തൊടിയിൽ വീട്ടിൽ സുബൈർ(47)നെ പിടികൂടിയിരുന്നു. ഇയാൾക്ക് വേണ്ടിയാണ് യുവാക്കൾ കഞ്ചാവ് വാങ്ങിയത്.
കഞ്ചാവ് സുബൈറിന് എത്തിച്ചു കൊടുക്കാൻ ശ്രമിക്കുമ്പോഴാണ് പെരിക്കല്ലൂരിൽ വെച്ച് യുവാക്കൾ പിടിയിലായത്. പെരിക്കല്ലൂർ കടവ് ഭാഗത്ത് നിന്നും സ്കൂട്ടറിൽ വരുകയായിരുന്ന ഇവരെ പരിശോധനയുടെ ഭാഗമായി പോലീസ് കൈ കാണിച്ച് നിർത്തി. സ്‌കൂട്ടർ നിർത്തിയയുടനെ പിറകിലിരുന്ന അജീഷ് ഇറങ്ങിയോടി. സംശയം തോന്നി പോലീസ് പരിശോധനയിൽ സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. അജീഷ് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു