കോഴിക്കോട് : നിപ ബാധിച്ചു മരിച്ച പതിനാലുകാരന്റെ രക്ഷിതാക്കളുടേതുൾപ്പെടെ ഇന്ന് പരിശോധിച്ച 9 സാമ്പിളുകൾ നെഗറ്റീവ്. രോഗലക്ഷണം ഉള്ള 15 പേർ നിരീക്ഷണത്തിലാണ്. 406 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.194 പേർ ഹൈറിസ്ക് ക്യാറ്റഗറിയിലുമുണ്ട്. ഇതിൽ 139 ആരോഗ്യ പ്രവർത്തകരാണ്. രോഗലക്ഷണമുള്ള തിരുവനന്തപുരം, പാലക്കാട് സ്വദേശികളുടെ പരിശോധനാഫലം ചൊവ്വാഴ്ച പുറത്തുവരും.
2023 ൽ നിപ സ്ഥിരീകരിച്ചപ്പോൾ വവ്വാലുകളിൽ കണ്ടെത്തിയ അതേ വൈറസ് ഇത്തവണത്തെ പരിശോധനയിൽ കണ്ടെത്തിയായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലെ 7239 വീടുകളിൽ സർവേ പൂർത്തിയായപ്പോൾ 439 പേർക്ക് പനി സ്ഥിരികരിച്ചു. ഇതിൽ 4 പേർ കുട്ടിയുടെ സമ്പർക്കത്തിൽ ഉൾപ്പെടുന്നവരാണ്.
ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി ഞായറാഴ്ച പകൽ 11.30നാണ് മരിച്ചത്. കുട്ടിയെ രക്ഷിക്കാനായി ഓസ്ട്രേലിയയിൽനിന്ന് ആന്റിബോഡി മരുന്നും പുണെയിൽനിന്ന് പ്രതിരോധ വാക്സിനും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടുമുമ്പ് രാവിലെ 10.50 ഹൃദയാഘാതമുണ്ടായി. രക്തസമ്മർദ്ദം താഴ്ന്നു. ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടായി. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ജൂലായ് 11-നാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി. പനി കുറയാത്തതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെനിന്നും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് നിപയാണെന്ന സംശയമുണ്ടാകുകയും സാംപിൾ പരിശോധയ്ക്ക് അയക്കുകയുമായിരുന്നു.