ഓണാഘോഷത്തിന്റെ ഭാഗമായി എ എ വൈ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്‌പെഷ്യല്‍ പഞ്ചസാര വിതരണം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക കിറ്റുകള്‍ എന്നിവ സപ്ലൈകോ വഴി ഓണത്തിനു മുമ്ബ് വിതരണം ചെയ്യാനാണ് നിർദേശം. ഒപ്പം പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ ഊർജിതമാക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടങ്ങും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഓണം മേളകള്‍, ഓണം മാർക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവർത്തനങ്ങള്‍ മുതലായവ സംഘടിപ്പിക്കും. ഹോർട്ടികോർപ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകള്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളില്‍ കുടുംബശ്രീ ചന്തകള്‍ സംഘടിപ്പിക്കും. കണ്‍സ്യൂമർഫെഡിന്റെ ആഭിമുഖ്യത്തില്‍ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്‌സിഡി വിപണികള്‍ ആരംഭിക്കും. ഓണാഘോഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ, ജി ആർ അനില്‍, എം ബി രാജേഷ്, പി പ്രസാദ്, വി ശിവൻകുട്ടി, വി അബ്ദുർറഹ്മാൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു സംസാരിച്ചു.