അങ്കോല (കർണാടക): അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദഗ്ദരുടെ സംഘത്തിൽ നിന്നുള്ളവർ നദിയുടെ അടിത്തട്ടിൽ ഇറങ്ങാനുള്ള ശ്രമത്തിലാണ്. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. ഇവരിൽ രണ്ടുപേരാണ് നദിയിൽ ഇറങ്ങി പരിശോധന നടത്തുന്നത്.
ഇതിനിടെ ഇവരുമായി ടാങ്കറിൽ ഘടിപ്പിച്ച കയറ് പൊട്ടി സംഘത്തിലുള്ള ഒരാൾ അൽപദൂരം ഒഴുകിപ്പോയതായും വിവരമുണ്ട്.വിവിധ ഉപകരണങ്ങളാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. ആദ്യഘട്ടമെന്നോണം ഇവർ സിഗ്നൽ ലഭിച്ച ഇടത്ത് മുങ്ങാങ്കുഴിയിട്ടു. ശക്തമായ അടിയൊഴുക്കാണ് നദിയിൽ. പ്രദേശത്ത് ചാറ്റൽ മഴയും ഉണ്ട്. രണ്ടുതവണ മുങ്ങൽ വിദഗ്‌ധർ പുഴയിൽ ഇറങ്ങി.നേരത്തെ നാലിടങ്ങളിലായാണ് സിഗ്നൽ ലഭിച്ചത്. ഇതിൽ നാലാമിടത്താണ് ഇപ്പോൾ പരിശോധന ശക്തമാക്കിയിരിക്കുന്നത്. അർജുന്റെ ലോറി ഈ പ്രദേശത്ത് ഉണ്ട് എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.