മാനന്തവാടി: ഒണ്ടയങ്ങാടി, പളളിത്താഴെ എടപ്പടി റോഡിൽ ചക്കാലിക്കൽ ഷൈജലും കുടുംബവും താമസിക്കുന്ന വീടിന് ഭീഷണിയായ വന്മരം മുറിച്ചു നീക്കി എസ്.വൈ.എസ് സാന്ത്വനം എമർജൻസി ടീം അംഗങ്ങൾ. ഷൈജലും ഭാര്യയും ചെറിയ കുഞ്ഞുമടങ്ങുന്ന കുടുംബം താമസിക്കുന്ന ഷീറ്റ് മേഞ്ഞ വീടിന് ഭീഷണി ഉയർത്തിയ മരം മുറിച്ചു നീക്കാൻ നഗരസഭയിലും കളക്ടറേറ്റിലും നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും മുറിച്ചു മാറ്റാനുള്ള അനുമതി ലഭിച്ചിട്ടും നടപടിയായിരുന്നില്ല. തുടർന്ന് പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സാന്ത്വനം എമർജൻസി ടീം അംഗങ്ങൾ വീട് സന്ദർശിച്ച് നഗര സഭാ കൗൺസിലറോട് സംസാരിച്ച ശേഷമാണ് ഈ സാഹസം ഏറ്റെടുത്തത്.ടീം അംഗങ്ങളായ അലി വാരാമ്പറ്റ, സാജിർ പേര്യ, മുസ്തഫ ലതീഫി, ഹാരിസ് എരുമത്തെരുവ് തുടങ്ങിയവരാണ് ദൗത്യം പൂർത്തീകരിച്ചത്. പ്രതിഫലേച്ചയില്ലാതെ സേവന രംഗത്തിറങ്ങുന്ന സാന്ത്വനം പ്രവർത്തകരുടെ ഇടപെടലിനെ നഗരസഭാ കൗൺസിലർ അഭിനന്ദിച്ചു. ജീവനു പോലും ഭീഷണിയായിരുന്ന വന്മരം നീക്കുന്നതിന് സഹായിച്ചതിനുള്ള നന്ദിയോടൊപ്പം രണ്ട് വർഷത്തോളമായി ശ്രമിക്കുന്ന കാര്യം പൂർത്തീകരിച്ചതിൻ്റെ സന്തോഷവും കുടുംബം പങ്കുവെച്ചു.