മാനന്തവാടി: എച്ച്.ആർ.സി.പി.സി മാനന്തവാടി ജോയിൻ്റ് ആർ.ടി.ഒ നടത്തിയ ചർച്ചയിൽ, കേരളത്തിലെ എല്ലാ ജില്ലകളിലും വയനാട്ടിലും ഓട്ടോറിക്ഷകളിൽ രേഖപ്പെടുത്തിയ ചാർജ് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് സൂചിപ്പിച്ചു.
വള്ളിയൂർക്കാവ് സ്വദേശിയായ ഒരു യാത്രക്കാരൻ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ, ജോയിൻ്റ് ആർടിഒ ഒരു ഓട്ടോ ഡ്രൈവറുടെ ലൈസൻസിന് നിശ്ചിത കാലത്തേക്ക് സസ് പെൻഷൻ വിധിച്ചതായി അറിയിച്ചു. മീറ്റർ ഉപയോഗിക്കാതെ യാത്രക്കാരെ എത്രമാത്രം ചാർജ് വേണമെന്നു തോന്നുന്നുവോ അത്രയും ഈടാക്കുന്നത് നിയമലംഘനമാണെന്നും ഇത് ഉപഭോക്തൃ ചൂഷണത്തിന് കാരണമാകുന്നു എന്നും ഹൈക്കോടതി വ്യക്തമാക്കി.
മീറ്റർ ഉപയോഗിക്കാതെ യാത്രക്കാരെ കൊള്ളയടിക്കുന്ന വയനാട് ജില്ലയിലെ ഓട്ടോ ഡ്രൈവർമാരുടെ ഈ നിയമവിരുദ്ധ നടപടികൾക്കെതിരെ ആർടിഒമാരും ട്രാഫിക് പോലീസും ട്രാഫിക് അഡ്വൈസറി ബോർഡും നടപടി സ്വീകരിക്കണമെന്ന് ഹ്യൂമൺ റൈറ്റ്‌സ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് പി.ജെ. ജോൺ മാസ്റ്റർ ആവശ്യപ്പെട്ടു. എച്ച്ആർസിപിസി ജില്ലാ പ്രസിഡൻ്റ് സുനിൽ ജോസിൻ്റെ അധ്യക്ഷതയിൽ ജില്ലാക്കമ്മിറ്റിയിൽ എള്ളിൽ മുസ്തഫ, ഷാജൂ ഐ വി, ഷിജു ജോസ്, ആലിയ കമ്മോം, ഉഷ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ജില്ലയിലെ ഓട്ടോറിക്ഷകളിൽ നിർബന്ധമായും മീറ്റർ ഘടിപ്പിച്ച്,ഇതിൽ കാണുന്ന ചാർജ് ഈടാക്കി, യാത്രക്കാരെ അമിതമായി ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് എച്ച്ആർസിപിസി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പരാതികൾ ഗതാഗത വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട്, ആർടിഒ, ജോയിൻ്റ് ആർടിഒ, സബ് കളക്ടർ എന്നിവർക്ക് നൽകാനും യോഗത്തിൽ തീരുമാനിച്ചു.