ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ഒരു ത്രില്ലിംഗ് വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തില്‍ 43 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യക്കായി ബോളിങ്ങില്‍ അക്ഷർ പട്ടേലും അർഷദീപ് സിംഗും റിയാൻ പരാഗും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. ബാറ്റിംഗില്‍ സൂര്യകുമാർ യാദവും റിഷഭ് പന്തുമാണ് ഇന്ത്യക്കായി തിളങ്ങിയത്. 3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. നാളെയാണ് പരമ്പരയിലെ രണ്ടാം ട്വന്റി20 മത്സരം നടക്കുക.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് തങ്ങളുടെ ഓപ്പണർമാർ നല്‍കിയത്. ആദ്യ വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിച്ചേർക്കാൻ ജയസ്വാളിനും ശുഭമാൻ ഗില്ലിനും സാധിച്ചു. ഇരുവരും ചേർന്ന് പവർപ്ലേ ഓവറുകളില്‍ ശ്രീലങ്കക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.ജയസ്വാള്‍ 21 പന്തുകളില്‍ 40 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ഗില്‍ 16 പന്തുകളില്‍ 34 റണ്‍സാണ് നേടിയത്. ശേഷമെത്തിയ നായകൻ സൂര്യകുമാർ യാദവും തന്റേതായ രീതിയില്‍ മൈതാനത്ത് വെടിക്കെട്ട് സൃഷ്ടിച്ചു. റിഷഭ് പന്തിനെയും കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ ഉയർത്താൻ സൂര്യകുമാർ യാദവിന് സാധിച്ചു.
നായകൻ സൂര്യകുമാർ യാദവ് മത്സരത്തില്‍ 26 പന്തുകളില്‍ 58 റണ്‍സാണ് നേടിയത്. 8 ബൗണ്ടറികളും 2 സിക്സറുകളും ഇന്നിംഗ്സില്‍ ഉള്‍പ്പെട്ടു. പന്ത് 33 പന്തുകളില്‍ 49 റണ്‍സ് നേടി. ഇങ്ങനെ ഇന്ത്യ മത്സരത്തില്‍ ഒരു ശക്തമായ സ്കോറില്‍ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളില്‍ 213 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.
ശ്രീലങ്കക്കായി പതിരാന 4 വിക്കറ്റുകള്‍ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്കും വളരെ മികച്ച തുടക്കം തന്നെയാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഇന്ത്യൻ ബോളർമാർക്ക് മേല്‍ സമ്മർദ്ദം ചെലുത്താൻ ശ്രീലങ്കയ്ക്ക് സാധിച്ചു. 84 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ശ്രീലങ്ക കൂട്ടിച്ചേർത്തത്. 27 പന്തുകളില്‍ 45 റണ്‍സ് സ്വന്തമാക്കിയ കുശാല്‍ മെൻഡിസാണ് ആദ്യം ഇന്ത്യയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. പിന്നീട് നിസ്സംഗയും നിറഞ്ഞൊഴുകുകയായിരുന്നു. ഇതോടെ ഇന്ത്യ പൂർണമായും സമ്മർദ്ദത്തിലായി. 48 പന്തുകളില്‍ 7 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 79 റണ്‍സാണ് നിസ്സംഗ സ്വന്തമാക്കിയത്. പക്ഷേ മത്സരം കൈവിട്ടു പോകുമെന്ന് തോന്നിയ നിമിഷത്തില്‍ ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേല്‍ തിരികെയെത്തി നിർണായകമായ വിക്കറ്റുകള്‍ സ്വന്തമാക്കി. ഇതോടെ മത്സരത്തിലേക്ക് ഇന്ത്യ അതിവേഗം തിരിച്ചുവരികയായിരുന്നു.
പിന്നീട് സൂര്യകുമാർ യാദവിന്റെ ഒരു കിടിലൻ ക്യാപ്റ്റൻസി തന്ത്രമാണ് കണ്ടത്. മത്സരത്തിന്റെ പതിനേഴാം ഓവർ റിയാൻ പരാഗിന് നല്‍കാനുള്ള സൂര്യകുമാറിന്റെ നീക്കം വിജയം കാണുകയായിരുന്നു. ഓവറില്‍ 2 വിക്കറ്റുകള്‍ സ്വന്തമാക്കി ശ്രീലങ്കയെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇതോടെ ഇന്ത്യ വിജയത്തിന് അടുത്തേക്ക് നീങ്ങി. പിന്നീട് എല്ലാം ചടങ്ങുകളായി മാറുകയായിരുന്നു. മത്സരത്തില്‍ 43 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.