ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെ മൂന്നുപേർക്കായി ഗംഗാവാലി പുഴയിൽ കാലാവസ്ഥ അനുകൂലമെങ്കിൽ ഇന്ന് വീണ്ടും തിരച്ചിൽ നടത്തും. 13ാം ദിവസമായ ഇന്നലെയും തിരച്ചിലിൽ പുരോഗതിയില്ലാത്തതിനെ തുടർന്ന് ദൗത്യം അവസാനിപ്പിക്കാനായിരുന്നു അധികൃതരുടെ നീക്കം. കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസാരിച്ചതിനെ തുടർന്നാണ് തെരച്ചിൽ പുന:രാരംഭിക്കാൻ തീരുമാനിച്ചത്. പുഴയിലെ മണ്ണുനീക്കി ലോറി പുറത്തെടുക്കാൻ തൃശൂരിൽനിന്ന് ഡ്രഡ്ജിങ് മെഷീൻ സംഭവസ്ഥലത്തെത്തിക്കും. ഇതിനായി ഉദ്യോഗസ്ഥർ തൃശൂരിൽ നിന്ന് പുറപ്പെട്ടു.
കൃഷിവകുപ്പിലെ രണ്ട് അസി. ഡയറക്ടർ, മെഷീൻ ഓപ്പറേറ്റർ എന്നിവരാണ് ഷിരൂരിലേക്ക് തിരിച്ചത്. സ്ഥലത്ത് ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും. ഇത്രയും കുത്തൊഴുക്കുള്ള വെള്ളത്തിൽ ഡ്രഡ്ജിങ്ങ് യന്ത്രം പ്രവർത്തിക്കാൻ കഴിയുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുക. കോൾപ്പടവുകളിൽ ചെളി വാരാനാണിത് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങിയ മെഷീന് 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റും. കനത്ത അടിയൊഴുക്കും കലങ്ങിയൊഴുകുന്ന വെള്ളവും മോശം കാലാവസ്ഥയുമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്. പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാട്ടി നാല് ദിവസത്തേക്ക് നിർത്തിവെക്കാനായിരുന്നു കർണാടക സർക്കാറിന്റെ തീരുമാനം. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാദൗത്യം ദുഷ്കരമാണെന്ന് കാർവാർ എം.എൽ.എ പറഞ്ഞിരുന്നു. മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയും നേവിയും എൻ.ഡി.ആർ.എഫ് സംഘങ്ങളും ഒന്നിച്ച് പരിശ്രമിച്ചാണ് ദൗത്യം മുന്നോട്ടുകൊണ്ടുപോയത്. വെള്ളത്തിനടിയിൽ ചെളിയും മണ്ണും പാറയുമാണ്. കൂറ്റൻ ആൽ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. തിരച്ചിലിന് അത്യാധുനിക യന്ത്രങ്ങൾ വേണമെന്നും അവ കൊണ്ടുവരാൻ ദിവസങ്ങളെടുക്കുമെന്നുമായിരുന്നു എം.എൽ.എ പറഞ്ഞത്.