പൊലീസ് സ്റ്റേഷന് മുൻപില്‍ മണല്‍ കടത്തുന്ന റീല്‍സ്; സംഘത്തിലെ ഏഴുപേര്‍ അറസ്റ്റില്‍

മലപ്പുറം: മണല്‍ കടത്തുന്ന വീഡിയോ ചിത്രീകരിച്ച ശേഷം ഇൻസ്റ്റഗ്രാമില്‍ റീല്‍സ് പോസ്റ്റ്ചെയ്ത മണല്‍ മാഫിയാസംഘത്തിലെ ഏഴുപേർ അറസ്റ്റില്‍.മബാട് ഓടായിക്കല്‍ സ്വദേശി മറ്റത്ത് ഷാമില്‍ ഷാൻ (21), കാട്ടുമുണ്ട സ്വദേശി വലിയതൊടിക മർവാൻ (20), പുളിക്കല്‍ സ്വദേശി അമീൻ (19), വടപുറം സ്വദേശി ചേകരാറ്റില്‍ അല്‍ത്താഫ് (22), ചേകരാറ്റില്‍ മുഹമ്മദ് സവാദ് (22), കണ്ണംതൊടിക അബ്ദുള്‍ മജീദ് (34), കരിമഠത്തില്‍ സഹീർ (23) എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ 22ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.

 

ഷാമില്‍ഷാന്റെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിയില്‍ പുള്ളിപ്പാടം കടവില്‍നിന്നാണ് അനധികൃതമായി മണല്‍ കടത്തിക്കൊണ്ടു പോയത്. പോകുന്ന വഴിക്ക് പാലത്തില്‍വച്ചും നിലമ്പുർ പൊലീസ് സ്റ്റേഷന് മുൻപില്‍വെച്ചുമാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ ചിത്രീകരിക്കുന്ന സമയം വാഹനയുടമയായ ഷാമില്‍ ഷാനും ലോറിയില്‍ ഉണ്ടായിരുന്നു. അല്‍ത്താഫ്, സവാദ്, മജീദ്, സഹീർ എന്നിവർ ബൈക്കിലാണ് വന്നത്. വഴിയില്‍ പൊലീസുണ്ടെങ്കില്‍ അറിയിപ്പ് നല്‍കാനായി ലോറിക്ക് എസ്‌കോർട്ടായി പോവുകയായിരുന്നു.

 

ലോറിയില്‍ ക്ലീനറായി പോകുകയായിരുന്ന ബിരുദ വിദ്യാർത്ഥി അമീൻ ഓടായിക്കലാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ പിന്നീട് സിനിമാ ഡയലോഗുകള്‍ കൂടി ചേർത്ത് റീല്‍സാക്കി മാറ്റുകയായിരുന്നു. ശേഷം ഷാമില്‍ ഷാന്റെ വണ്ടി ഭ്രാന്തൻ കെഎല്‍ 71 എന്ന അക്കൗണ്ടുമായി ടാഗ് ചെയ്ത് അമീന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. റീല്‍സ് വിവാദമായതോടെ ഇത് പേജില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്.

 

വീഡിയോ സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതികളെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നല്‍കുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മണല്‍ക്കടത്താൻ ഉപയോഗിച്ച ലോറി കോടതിപ്പടിയിലെ വിജനമായ സ്ഥലത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇത് പൊലീസ് പിടിച്ചെടുത്തു. അല്‍ത്താഫും ഷാമിലും മണല്‍ക്കടത്ത് കേസില്‍ നേരത്തെ ഉള്‍പ്പെട്ടവരാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *