മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോത്തുണ്ടായ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിലിനെ തുടർന്ന് ഒന്നര വയസുകാരൻ മരിച്ചു. കുഞ്ഞാത്തെ പശുഫാമിലെ ജോലിക്കാരനും നേപ്പാൾ സ്വദേശിയുമായ രമേഷിൻ്റെയും അനീസയുടെയും മകൻ കുശാലാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ തൊണ്ടർനാട് കുഞ്ഞോം കല്ലിങ്കലിലാണ് സംഭവം. ഇവരുടെ ഷെഡ്ഡിനോടു ചേർന്ന മറ്റൊരു മുറിയിൽ മീര (28), ഇവരുടെ ഏഴുമാസം പ്രായമുള്ള മകൻ റിയാൻ എന്നിവർ താമസിക്കുന്നുണ്ടായിരുന്നെങ്കിലും ഇവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുശാലിൻ്റെ മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് തൃശ്ശിലേരി ശാന്തികവാടത്തിൽ സംസ്കരിച്ചു.
പശുഫാമിനോടു ചേർന്ന ഷെഡ്ഡിലാണ് രമേഷും ഭാര്യ അനീസയും മകനും താമസിക്കാറുള്ളത്. കുന്നിൻമുകളിൽ നിന്നെത്തിയ മരവും വലിയ കല്ലുകളും മണ്ണും ഒലിച്ചെത്തി താമസിക്കുന്ന ഷെഡിൻ്റെ ചുമരു തകർത്ത് അകത്തേക്ക് വരികയായിരുന്നു. മണ്ണിൽ കുടുങ്ങിപ്പോയ കുശാലിനെ രക്ഷിതാക്കൾ തന്നെയാണ് വലിച്ചെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും സമയം മൂന്നുമണിയായിരുന്നു. അപ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു. ഫാമിൻ്റെ ആസ്ബറ്റോസ് ഷീറ്റുകൾ തകർന്നിട്ടുണ്ട്. 15 കന്നുകാലികളാണ് ഫാമിലുണ്ടായിരുന്നത്. ഇതിൽ ഒരു പശു ചത്തു. മറ്റുള്ളവയെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.