മുത്തങ്ങ :വയനാട് വന്യജീവി സങ്കേതത്തിൽ വൻ ആനക്കൊമ്പ് വേട്ട. സുൽത്താൻ ബത്തേരി റെയിഞ്ചിലെ പൊൻകുഴി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊൻകുഴിയിൽ വെച്ചാണ് 27 കിലോ തൂക്കം വരുന്ന രണ്ട് കൊമ്പുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. കർണാടക വനത്തിൽ ചെരിഞ്ഞ ആനയുടെ കൊമ്പുകളാണ് എന്നാണ് പിടിയിലായവർ പറഞ്ഞിരിക്കുന്നത്.
മുത്തങ്ങ പൊൻകുഴി സങ്കേതത്തിലെ സുനിൽ (21), ശിവ പ്രസാദ് (25), രാജു (25), ചെട്ടിയാലത്തൂർ തിണ്ടങ്കര സങ്കേതത്തിലെ ബാബു (20), കുമഴി കാട്ടുനായ്ക്ക സങ്കേതത്തിലെ ബിജു (20) എന്നിവരാണ് പിടിയിലായത്. പിടികൂടിയ കൊമ്പുകളിൽ ഒന്നിന്ന് 168 സെൻ്റീമീറ്ററും മറ്റൊന്നിന് 157 സെന്റീമീറ്റർ നീളവുമാണുള്ളത്. 27 കിലോ തൂക്കമാണ് പിടിച്ചെടുത്ത രണ്ട് ആനക്കൊമ്പുകൾക്കുമായുള്ളത്.
കർണാടക വനത്തിലെ രാംപൂര് കൽക്കര റേഞ്ചിൽ ഓറഞ്ച് ക്യാമ്പ് ഷെഡ്ഡിംഗ് വനമേഖലയിൽ നിന്നാണ് ചെരിഞ്ഞ കൊമ്പന്റെ കൊമ്പുകൾ എടുത്തതെന്നാണ് ചോദ്യം ചെയ്യലിൽ പിടിയിലായ പ്രതികൾ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. സ്ഥലത്തെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തി അറസ്റ്റ് രേഖപെടുത്തി ഇവരെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി അന്വേഷണം വനവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പരിശോധന സംഘത്തിൽ സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അശ്വതി ബാലൻ, ജിബിത് ചന്ദ്രൻ, കെ. ഒ സന്ദീപ്, ആർ. രഞ്ജിത്കുമാർ, കെ ഉമേഷ്, പി ആർ അർജുൻ, സി കെ സതീഷ്കുമാർ, ഫോറസ്റ്റ് വാച്ചർമാരായ രജിത, ഗിരിജ, ഡ്രൈവർ ഷാജി എന്നിവരും ഉണ്ടായിരുന്നു.