ബംഗളൂരു : കർണാടകയിലെ ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി. ജീർണിച്ച ശരീരം ആരുടേതാണെന്ന് വ്യക്തമല്ല. മുങ്ങല്‍ വിദഗ്ദനായ ഈശ്വർ മല്‍പ്പയാണ് മൃതദേഹം കണ്ടെത്തിയന്ന കാര്യം അറിയിച്ചത്. അകനാശിനി ബാഡ മേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഷിരൂർ മണ്ണിടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. അങ്കോള സിഐ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഈശ്വർ മാൽപ്പയും സ്ഥലത്തേക്ക് തിരിച്ചു.
ജീർണിച്ച അവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്നാണ് റിപ്പോർട്ട്. ഈ പ്രദേശത്ത് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. അതേസമയം, മണ്ണിടിച്ചിലില്‍ കണാതായ കോഴിക്കോട് സ്വദേശി അർജുന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് കുടുംബം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അർജുന്റെ സഹോദരന്റെ ഡിഎൻഎ സാബിള്‍ നേരത്തെ ശേഖരിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് പൊലീസ് പുറപ്പെട്ടിട്ടുണ്ട്. കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബവും മൃതദേഹം സ്ഥിരീകരിക്കേണ്ടതുണ്ട്. ആദ്യം പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം മാത്രമാണ് ഡിഎൻഎ പരിശോധനയിലേക്ക് കടക്കുകയുള്ളൂ.