കാർഷിക വിളകളാൽ സമൃദ്ധമായിരുന്ന ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിൽ 310 ഹെക്ടർ കൃഷി സ്ഥലം നശിച്ചതായി പ്രാഥമിക വിവരം. ദുരന്ത പ്രദേശമായി മാറിയ മൂന്ന് വാർഡുകളിലെ 750 ലധികം കുടുംബങ്ങൾ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നു എന്നാണ് മേപ്പാടി പഞ്ചായത്തിന്റെ കണക്ക്. ഏലം, കാപ്പി, കുരുമുളക്, തേയില, തെങ്ങ്, വാഴ, കമുക്, ഇടവിളകൾ എന്നിവയാൽ സമൃദ്ധമായിരുന്നു ഈ പ്രദേശങ്ങൾ. 50 ഹെക്ടർ സ്ഥലത്തെ ഏലം, 100 ഹെക്ടറിൽ കാപ്പി, 70 ഹെക്ടറിൽ കുരുമുളക്, 55 ഹെക്ടർ തേയില, 10 ഹെക്ടർ നാളികേരം,15 ഹെക്ടർ കമുക് കൃഷി, 10 ഹെക്ടർ വാഴ എന്നിങ്ങനെയാണ് നാശനഷ്ടത്തിൻ്റെ പ്രാഥമിക കണക്കുകൾ.