തിരുവനന്തപുരം: എട്ടാം ക്ലാസ് മുതൽ എല്ലാവരെയും ജയിപ്പിക്കുന്ന രീതി അവസാനിക്കുന്നു. ഹൈസ്കൂൾ തലം മുതൽ എഴുത്ത് പരീക്ഷയിൽ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആദ്യ ഘട്ടമായി എട്ടാം ക്ലാസിലാണ് തീരുമാനം നടപ്പിലാക്കുന്നത്. മൂന്ന് അധ്യയന വർഷം കൊണ്ട് ഹൈസ്കൂൾ തലത്തിലെ എല്ലാ ക്ലാസുകളിലും സബജക്ട് മിനിമം നടപ്പാക്കാനാണ് മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം.
ഉന്നതവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തെ കുട്ടികൾ പിന്നിൽ പോകുന്നത് ഹൈസ്കൂൾ ക്ലാസുകളിലെ ഉദാരമായ മൂല്യനിർണയം കൊണ്ടാണെന്ന വിമർശനം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഒരു വിഷയത്തിൽ, എഴുത്ത് പരീക്ഷയിലും നിരന്തര മൂല്യനിർണയത്തിലുമായി 30% മാർക്ക് നേടിയാൽ ജയിക്കാമെന്നതാണ് നിലവിലുളള രീതി. എല്ലാവരെയും ജയിപ്പിക്കുന്ന ഈ രീതി അവസാനിപ്പിക്കുകയാണ്. ഇനി മുതൽ ഒരോ വിഷയത്തിലെയും എഴുത്ത് പരീക്ഷയിലും കുറഞ്ഞത് 30 ശതമാനം മാർക്ക് നേടിയാലെ ജയിക്കാനാവൂ.