കൽപ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവനോപാദികള്‍ നഷ്ടപ്പെട്ടവരുടെ താത്കാലിക പുനരധിവാസമെന്ന നിലയിൽ വാടക വീടെടുത്ത് മാറുന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജൻ. വീടുകൾക്ക് വാടക സർക്കാർ നൽകും. വാടക വീടെടുത്താൽ പുനരധിവാസം വൈകുമെന്ന തരത്തിലുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും അതിന്റെ ആവശ്യമില്ലെന്നും യോഗ്യത കണക്കാക്കി കൃത്യമായി പുനരധിവാസം സാധ്യമാക്കുമെന്നും സർക്കാർ ലക്ഷ്യമാക്കുന്നത് സമഗ്രമായ പുനരധിവാസമാണെന്നും മന്ത്രി രാജൻ പറഞ്ഞു.
ഏറ്റവും പെട്ടെന്ന് എത്ര വീടുകൾ ലഭ്യമാകുമെന്ന് പരിശോധിക്കുന്നുണ്ട്. വാടക വീട് കണ്ടെത്താനുള്ള ചുമതല പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നൽകിയിട്ടുണ്ട്. ബാങ്കുകളുടെ തിരിച്ചടവിൽ ഈ ഘട്ടത്തിൽ ഇളവ് വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
136 കൗൺസിലർമാർ ക്യാമ്പുകളിൽ സേവനം നടത്തുന്നുണ്ട്. ഓഗസ്റ്റ് ഒമ്പതിന് കേന്ദ്ര സംഘം മുണ്ടക്കൈ പരിശോധന നടത്തും. 138 പേരെ ഇനിയും കണ്ടെത്താനുണ്ട്. 192 ശരീര ഭാഗങ്ങൾ ഇതുവരെ കണ്ടെത്തിയെന്നും മന്ത്രി അറിയിച്ചു. എല്‍3 വിഭാഗത്തിൽ ഉൾപ്പെടുത്തി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു.