സുൽത്താൻ ബത്തേരി: ഒറ്റക്ക് പോകുന്ന വയോധികരെ പിന്തുടർന്ന് പോക്കറ്റടിക്കുന്നയാളെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി. നിരവധി മോഷണ കേസുകളിൽ പ്രതിയായ കോഴിക്കോട് ഓമശ്ശേരി മരക്കാടൻ കുന്ന് മംഗലശ്ശേരി വീട്ടിൽ നാസറിനെയാണ് ബത്തേരി പോലീസ് പിടികൂടിയത്
തിങ്കളാഴ്ച വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബത്തേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ചീരാൽ റോഡിലേക്ക് നടന്നു പോകുകയായിരുന്ന ചീയമ്പം പാമ്പ്ര സ്വദേശിയായ വയോധികന്റെ പോക്കറ്റിലുണ്ടായിരുന്ന 1000 രൂപ തട്ടിപറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. സ്റ്റേഷനിൽ പരാതി ലഭിച്ചയുടൻ നടത്തിയ അന്വേഷണത്തിൽ ടൗണിലെ സിസിടിവി പരിശോധിച്ചതിൽ നിർണായക തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചയോടെ കോട്ടക്കുന്നു ഭാഗത്തു നിന്നും പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. ബത്തേരി എസ് ഐ സി എം സാബുവിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്